
ന്യൂഡൽഹി: ചൈനീസ് അതിർത്തിക്കടുത്ത് പുതിയ വ്യോമതാവളം പ്രവർത്തനക്ഷമമാക്കി ഇന്ത്യ. കിഴക്കൻ ലഡാക്കിൽ തന്ത്രപ്രധാന മേഖലയിലെ ന്യോമ വ്യോമതാവളമാണ് കഴിഞ്ഞദിവസം പ്രവർത്തനം തുടങ്ങിയത്. അരുണാചൽ പ്രദേശിലെ ചൈനീസ് അതിർത്തിക്ക് സമീപം പൂർവി പ്രചണ്ഡ് പ്രഹാർ സൈനികാഭ്യാസം നടക്കുന്നതിനിടെയാണ് കിഴക്കൻ ലഡാക്കിലെ വ്യോമതാവളം സജ്ജമാക്കിയത്.
ഗാസിയാബാദിലെ ഹിൻഡൻ വിമാനത്താവളത്തിൽ നിന്ന് ന്യോമ വ്യോമതാവളത്തിലേക്ക് സി-130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം പറത്തി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി സിംഗ് ഉദ്ഘാടനം നിർവ്വഹിച്ചു. വെസ്റ്റേൺ എയർ കമാൻഡ് ചീഫ് എയർ മാർഷൽ ജിതേന്ദ്ര മിശ്ര അദ്ദേഹത്തെ അനുഗമിച്ചു.
സമുദ്രനിരപ്പിൽ നിന്ന് 13,710 അടി ഉയരത്തിലാണ് ന്യോമ വ്യോമതാവളം. ചൈനീസ് അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ നിന്ന് 35 കിലോമീറ്റർ അകലെയാണിത്. പാംഗോംഗ്, ഡെംചോക്, ഡെപ്‌സാംഗ് തുടങ്ങിയ സംഘർഷ മേഖലകൾക്ക് വളരെ അടുത്താണിത്. ഈ മേഖലകളിലേക്ക് യുദ്ധസാമഗ്രികളും സൈനികരെയും എത്തിക്കുന്നതിന് ഇത് സഹായകമാകും. 230 കോടി രൂപ ചെലവഴിച്ചാണ് വ്യോമതാവളം നവീകരിച്ചത്. എയർ ട്രാഫിക് കൺട്രോൾ സമുച്ചയം, ക്രാഷ് ബേ, താമസ സൗകര്യങ്ങൾ, ഹാംഗറുകൾ തുടങ്ങിയവയും നിർമ്മിച്ചു. ഇവിടെ നിന്ന് യാത്രാ വിമാന സർവീസുകളും ആരംഭിക്കുമെന്ന് റിപ്പോർട്ടുണ്ട്. 2026 ഓടെ യുദ്ധവിമാനങ്ങളുടെ പ്രവർത്തനങ്ങൾക്കും സജ്ജമാകും.
2023 സെപ്തംബറിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് വ്യോമതാവള പദ്ധതിക്ക് തറക്കല്ലിട്ടത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് (ബി.ആർ.ഒ) പദ്ധതി നടപ്പാക്കിയത്.
ലഡാക്കിലെ നാലാമത്തെ വ്യോമസേനാ താവളമാണ് ന്യോമ. ലേ, കാർഗിൽ, തോയിസ് എന്നിവിടങ്ങളിലാണ് മറ്റ് വ്യോമതാവളങ്ങൾ.
2020ലെ ഗൽവാൻ സംഘർഷത്തിനുശം വഷളായ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഇന്ത്യയും ചൈനയും തുടരുകയാണ്. എന്നാൽ നിയന്ത്രണരേഖയിൽ സംഘർഷം പൂർണ്ണമായും ഇല്ലാതാകുന്നതുവരെ സൈനിക വിന്യാസം ശക്തമാക്കുമെന്നാണ് സൈനികവൃത്തങ്ങൾ വ്യക്തമാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |