
ഹൈദരാബാദ്: ബീഹാറിലെ തിരിച്ചടിക്കിടെ കോൺഗ്രസിന് അല്പം ആശ്വാസമായി തെലങ്കാനയിലെ ഉപതിരഞ്ഞെടുപ്പ് വിജയം. ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നവീൻ യാദവ് വിജയിച്ചു. ബി.ആർ.എസിന്റെ സിറ്റിംഗ് സീറ്റാണ് പിടിച്ചെടുത്തത്.
വോട്ടെണ്ണലിലുടനീളം ലീഡ് നിലനിറുത്തിയ നവീൻ യാദവ്, കടുത്ത എതിരാളിയായ ബി.ആർ.എസ് സ്ഥാനാർത്ഥി മാഗന്തി സുനിത ഗോപിനാഥിനേക്കാൾ 24,729 വോട്ട് ഭൂരിപക്ഷം നേടി. നവീൻ യാദവ് 98,988 വോട്ടുകൾ നേടി. സുനിത 74,259ഉം. ബി.ജെ.പി സ്ഥാനാർത്ഥി ദീപക് റെഡ്ഡി ലങ്കാല 17,061 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. കോൺഗ്രസ് ജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനവും. ജൂബിലി ഹിൽസ് എം.എൽ.എ ബി.ആർ.എസ് നേതാവ് മാഗന്തി ഗോപിനാഥിന്റെ മരണത്തോടെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മാഗന്തി ഗോപിനാഥിന്റെ ഭാര്യ സുനിതയെ സീറ്റ് നിലനിറുത്താൻ ബി.ആർ.എസ് നിയോഗിക്കുകയായിരുന്നു.
അസറുദ്ദീന്റെ ആദ്യ ദൗത്യം വിജയം
ജൂബിലി ഹിൽസിൽ 2023ൽ നടന്ന തിരഞ്ഞെടുപ്പിൽ മാഗന്തി ഗോപിനാഥ് കോൺഗ്രസ് സ്ഥാനാർത്ഥി മുഹമ്മദ് അസറുദ്ദീനെ 16,337 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത് മൂന്നാംവട്ടവും എം.എൽ.എയായത്. ആ സീറ്റാണ് നവീൻ യാദവ് നേടിക്കൊടുത്തത്. തിരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അസറുദ്ദീനെ മന്ത്രിയാക്കി നടത്തിയ നീക്കം ജൂബിലിഹിൽസ് പിടിച്ചെടുക്കുന്നതിന് കാരണമായി. മന്ത്രിയായ അസറുദ്ദീന്റെ ആദ്യ ദൗത്യവും ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുകയെന്നതായിരുന്നു. മുഴുവൻ സമയവും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വോട്ടുതേടിയിറങ്ങി. ഇത്തവണ എ.ഐ.എം.ഐ.എം സ്ഥാനാർത്ഥിയെ നിറുത്താതെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതും നേട്ടമായി.
ബി.ആർ.എസ് നേടുന്നതിനുമുമ്പ് അഞ്ചുതവണ കോൺഗ്രസ് തുടർച്ചയായി ജയിച്ച സീറ്രാണ് ജൂബിലി ഹിൽസ്.
ഉപതിരഞ്ഞെടുപ്പിൽ ജയിച്ച് ബി.ജെ.പിയും കോൺഗ്രസും
ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലുമായി എട്ട് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലങ്ങളും വന്നു. ജമ്മുകാശ്മീരിലെ ബുഡ്ഗാം മണ്ഡലത്തിൽ ജമ്മുകാശ്മീർ പീഡിപ്പിയുടെ ആഗ സയ്യിദ് മുൻതാസിർ മെഹ്ദിയും നഗ്രോട്ടയിൽ ബി.ജെ.പിയുടെ ദേവയാനി റാണയും ജയിച്ചു.
മറ്റ് മണ്ഡലങ്ങൾ
ഘട്സില (ജാർഖണ്ഡ്)- സോമേഷ് ചന്ദ്ര സോറൻ (ജാർഖണ്ഡ് മുക്തി മോർച്ച), ദാമ്പ (മിസോറാം)- ആർ ലാൽതാംഗ്ലിയാന (എം.എൻ.എഫ്),
നുവാ പദ (ഒഡീഷ)- ജയ് ധോലാകിയ (ബി.ജെ.പി),
തരൺ തരൺ (പഞ്ചാബ്)- ഹർമീത് സിംഗ് സന്ധു (ആം ആദ്മി പാർട്ടി),
അന്ത (രാജസ്ഥാൻ)- പ്രമോദ് ജെയിൻ(കോൺഗ്രസ്),
ജൂബിലി ഹിൽസ് (തെലങ്കാന)- നവീൻ യാദവ് വി (കോൺഗ്രസ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |