
ന്യൂഡൽഹി: ഭരണം പിടിക്കാനാവാത്തതിന്റെ നിരാശ ഒരുവശത്ത്. സുരക്ഷിത മണ്ഡലമായ രാഘോപൂരിൽ പലതവണ പിന്നാക്കം പോയതിന്റെ ഞെട്ടൽ മറുവശത്ത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ആർ.ജെ.ഡി നേതാവുമായ തേജസ്വിക്ക് ആശ്വസിക്കാനുള്ള വകയൊന്നുമില്ല തിരഞ്ഞെടുപ്പ് ഫലത്തിൽ. ഗംഗാ നദിയാൽ ചുറ്റപ്പെട്ട ലഗൂൺ പ്രദേമായ രാഘോപൂർ ആർ.ജെ.ഡിയുടെ കുടുംബ കോട്ടയാണ്.
യാദവ ഭൂരിപക്ഷ മണ്ഡലത്തിൽ ഈസി വാക്കോവർ പ്രതീക്ഷിച്ച തേജസ്വിയെ ബി.ജെ.പിയുടെ സതീഷ് കുമാർ യാദവ് നന്നായി വിറപ്പിച്ചു. മണ്ഡലത്തിൽ സുപരിചിതനായ ഇദ്ദേഹം 2010ൽ ജെ.ഡി.യു സ്ഥാനാർത്ഥിയായി മത്സരിച്ച് റാബ്രി ദേവിയെ പരാജയപ്പെടുത്തിയിരുന്നു. തേജസ്വിയുടെ പിതാവ് ലാലു പ്രസാദ് യാദവും അമ്മ റാബ്രി ദേവിയും മുമ്പ് രാഘോപ്പൂരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2015 മുതൽ തേജസ്വി ഈ സീറ്റ് നിലനിറുത്തുന്നു. അന്നൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇക്കുറിയുണ്ടായത്.
2020ൽ തേജസ്വി 38,000ത്തിലധികം ലീഡ് നേടിയിരുന്നു. ആർ.ജെ.ഡി വോട്ടുബാങ്കായ യാദവ,മുസ്ളിംങ്ങൾ ഒഴികെ രാജ്പുത്,യാദവ ഇതര വിഭാഗങ്ങളുടെ വോട്ടുകൾ ബി.ജെ.പി സമാഹരിച്ചതായി കരുതുന്നു. ബീഹാറിൽ മൊത്തിലുണ്ടായ വിരുദ്ധ തരംഗം ആർ.ജെ.ഡിയുടെ കോട്ടയിലും പ്രതിഫലിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |