SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.08 PM IST

അടിച്ചുപിരിഞ്ഞ് ലാലുവിന്റെ കുടുംബം

Increase Font Size Decrease Font Size Print Page
s

 'വൃക്ക" യുടെ പേരിലും അടി

 ചെരുപ്പൂരിയടിക്കാൻ നോക്കിയെന്ന് രോഹിണി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പരാജയത്തിനുപിന്നാലെ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിൽ ആരംഭിച്ച കലഹം മറനീക്കി പുറത്തുവന്നു. ലാലുവിന്റെ മകൾ രോഹിണി ആചാര്യ ഇന്നലെ എക്‌സിൽ വൈകാരിക കുറിപ്പ് പങ്കുവച്ചു. സഹോദരൻ തേജസ്വി യാദവിനെയും കൂട്ടാളികളെയും ലക്ഷ്യമിട്ടാണ് കുറിപ്പ്. വൃക്കരോഗത്താൽ വലഞ്ഞ ലാലുവിന് 2022 ഡിസംബറിൽ കിഡ്നി നൽകിയ മകളാണ് രോഹിണി. 'വൃത്തികെട്ട വൃക്ക" നൽകി കോടികണക്കിന് രൂപയും 2024ൽ ലോക്‌സഭാ സീറ്റും സംഘടിപ്പിച്ചുവെന്ന് തനിക്കെതിരെ കുടുംബാംഗങ്ങൾ ആരോപണമുന്നയിച്ചെന്ന് രോഹിണി പറയുന്നു. സ്വന്തം കുടുംബത്തിൽ അപമാനിതയായി. അസഭ്യവർഷമുണ്ടായി. മുഖത്തിന് നേർക്ക് ചെരുപ്പും ഉയർന്നു. കുടുംബത്തിൽ നിന്ന് ഇറങ്ങി പോരേണ്ടി വന്നു. മകൻ കുടുംബത്തിലുണ്ടെങ്കിൽ പിതാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കരുതെന്ന് തേജ്വസിയെ കുത്തി പരാമർശിച്ചു. അദ്ദേഹത്തോട് പറയണം സ്വന്തം വൃക്ക നൽകാൻ. അല്ലെങ്കിൽ ഹരിയാനക്കാരനായ സുഹൃത്തിനോട് പറയണമെന്ന് തേജസ്വിയുടെ കൂട്ടാളി സഞ്ജയ് യാദവിനെ ലക്ഷ്യമിട്ട് ഒളിയമ്പും എയ്‌തു. ഭർത്താവിനോട് പോലും അനുമതി ചോദിക്കാതെയാണ് വൃക്ക നൽകിയത്. സ്വാഭിമാനത്തിൽ വിട്ടുവീഴ്ചയില്ലാതെ, സത്യത്തിന്റെ പാതയിൽ സഞ്ചരിക്കുന്നതിനാലാണ് തനിക്കെതിരെയുള്ള നീക്കങ്ങൾ. ആർ.ജെ.ഡിയുടെ മോശം പ്രകടനത്തിന് തന്നെ കുറ്റപ്പെടുത്തുന്നെന്നും രോഹിണി പറഞ്ഞു. രാഷ്ട്രീയവും കുടുംബവും ഉപേക്ഷിക്കുകയാണെന്ന് രോഹിണി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ സരൺ മണ്ഡലത്തിൽ രോഹിണി തോറ്റു. കുടുംബകലഹം മൂർച്ഛിക്കുന്നതിനിടെ ലാലുവിന്റെ പെൺമക്കളായ രാജ്ലക്ഷ്‌മി, രാഗിണി, ചന്ദാ സിംഗ് എന്നിവർ പാട്നയിൽ നിന്ന് ഡൽഹിക്ക് മടങ്ങിയിരുന്നു.

പിന്തുണയുമായി തേജ്

സഹോദരിക്കെതിരെ നടന്ന അധിക്ഷേപം തന്നെ ഉലച്ചെന്ന് സഹോദരൻ തേജ് പ്രതാപ് യാദവ് . സഹിക്കാനാകുന്നില്ല. പിതാവ് ലാലു മനസ് തുറക്കണമെന്നും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തിന്റെ പേരിൽ തേജിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. മഹുവയിൽ തേജ് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇദ്ദേഹത്തിന്റെ ജൻശക്തി ജനതാദൾ പാർട്ടി എൻ.ഡി.എയ്‌ക്ക് ധാർമ്മിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ലാലുവിന് മൗനം

തേജസ്വിയെ വഴിതെറ്റിക്കുന്നത് ഹരിയാന സ്വദേശിയും ആർ.ജെ.ഡി നേതാവുമായ സഞ്ജീവ് യാദവ് അടങ്ങുന്ന സംഘമാണെന്നാണ് സഹോദരങ്ങളുടെ ആരോപണം. മറ്റൊരു കൂട്ടാളി റമീസ്, കുടുംബത്തിലെ മുതിർന്ന നേതാക്കളെ ഒതുക്കാൻ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി. സംഭവത്തിൽ ലാലു പ്രതികരിച്ചിട്ടില്ല. 143ൽ 25 സീറ്റുകളിൽ മാത്രമാണ് ആർ.ജെ.ഡിക്ക് ജയിക്കാനായത്. പരാജയം വിലയിരുത്താൻ തേജസ്വിയുടെ പാട്നയിലെ വസതിയിൽ ഇന്ന് യോഗം നടക്കും.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY