
പനാജി: ശരിക്കും കമലഹാസന്റെ അനന്തിരവൾ തന്നെയാണോ? ആദ്യമായി അഭിനയിച്ചപ്പോഴും നൃത്തം ചെയ്തപ്പോഴും സിനിമയിലെ ചില സഹപ്രവർത്തകർ ചോദിച്ചത് ഇങ്ങനെയെന്ന് സുഹാസിനി മണിരത്നം. ഒന്നും അത്ര പോരെന്ന മട്ടിലായിരുന്നു വിമർശനം. ആ താരതമ്യം അന്ന് ഭാരമായി. കെ.ജി. ജോർജിന്റെ ഇലവങ്കോട് ദേശത്തിൽ മമ്മൂട്ടിയ്ക്ക് ഒപ്പം ആദ്യ രംഗം അഭിനയിച്ചപ്പോൾ താൻ ഡയലോഗ് മറന്നുവെന്ന് ഖുഷ്ബുവും പറയുന്നു.
ഇഫി ചലച്ചിത്ര മേളയിൽ ഇരുവരും ചേർന്നുള്ള മാസ്റ്റർ ക്ലാസിലാണ് സുഹാസിനിയും ഖുഷ്ബുവും അഭിനയ ജീവിതത്തിലെ അപൂർവ അനുഭവങ്ങൾ പങ്കുവച്ചത്. അണ്ണാമലയിൽ രജനികാന്തിനൊപ്പം അഭിനച്ചപ്പോൾ ഉത്തരേന്ത്യക്കാരിയായ തനിക്ക് തമിഴ് അറിയില്ലായിരുന്നു. മറാത്തിയിൽ അദ്ദേഹവുമായി സംസാരിച്ചു. ഷൂട്ട് തീർന്നപ്പോൾ എല്ലാവരും എടാ,വാടാ,പോടാ എന്നൊക്കെ സെറ്റിൽ പറയുന്നു. അത് കേട്ട് അർത്ഥം അറിയാതെ രജനി സാറിനോട് താൻ പോടായെന്ന് പറഞ്ഞു. സ്വിച്ചിട്ടതുപോലെ സെറ്റ് നിശബ്ദമായി. ഞാൻ ആകെ വല്ലാണ്ടായി. എന്നാൽ രജനി അത് കാര്യമാക്കിയില്ല. ഭാഷ പഠിച്ചാലേ ശരിയായ അഭിനയം കാഴ്ചവയ്ക്കാൻ കഴിയുകയുള്ളൂ. അതുപോലെ എതിരെ അഭിനയിക്കുന്നവരുടെ റേഞ്ച് അറിഞ്ഞിരിക്കണം. ഏതറ്റം വരെ അവർ പോകുമെന്ന ധാരണ ഉണ്ടായിരിക്കണം- ഖുഷ്ബു പറഞ്ഞു.
സ്വന്തം അഭിനയത്തേക്കുറിച്ച് ഏറ്റവും നല്ല വിമർശനം നടത്തേണ്ടത് അവനവൻ ആയിരിക്കണമെന്നും അമ്മ പറഞ്ഞതുപോലും താൻ കേ ട്ടിട്ടില്ലെന്നും സുഹാസിനി പറഞ്ഞു. സ്വന്തമായിട്ടാണ് താനും ഖുഷ്ബുവുമൊക്കെ മേക്കപ്പ് ചെയ്യുന്നത്. ചെളിയിലും പാടങ്ങളിലും അഭിനയിച്ച് കാലിലും വിരലുകളിലും അലർജി വന്നിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു. ഷാജി എൻ കരുണിന്റെ വാനപ്രസ്ഥത്തിലെയും ചിന്നതമ്പിയിലെയും രംഗങ്ങൾ സുഹാസിനിയും ഖുഷ്ബുവും അവതരിപ്പിച്ചു. ചിന്നതമ്പിയിലെ പാട്ട് സീനിൽ ചുണ്ടനക്കിയ ഖുഷ്ബു വിതുമ്പി.
ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രമായ അമരന്റെ പ്രദർശനത്തിൽ പങ്കെടുക്കാൻ നിർമ്മാതാവ് കൂടിയായ കമലഹാസൻ ഇന്നലെയെത്തി. സായിപല്ലവി,ശിവകാർത്തികേയൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. സൈനികർക്കുള്ള ആദരാവാണ് അമരനെന്ന് കമൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |