
ചെന്നൈ: രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന റോഡ് ഷോകൾക്കുള്ള മാതൃകാ നടപടിക്രമം (എസ്.ഒ.പി) കരട് റിപ്പോർട്ട് തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിൽ സമർപ്പിച്ചു. കോടതി നിർദ്ദേശപ്രകാരമാണ് തയ്യാറാക്കിയത്.
രാഷ്ട്രീയ പാർട്ടികളിൽ നിന്ന് അഭിപ്രായം തേടിയ ശേഷം നവംബർ 21നകം രേഖ സമർപ്പിക്കാൻ ഹൈക്കോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചിരുന്നു. കരൂരിൽ വിജയ് നയിച്ച ടി.വി.കെയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെ ഒക്ടോബർ 27നാണ് ഇതു സംബന്ധിച്ച നിർദ്ദേശം കോടതി നൽകിയിരുന്നത്.
പകർപ്പ് ലഭിച്ചിട്ടില്ലെന്ന് ടി.വി.കെയും മറ്റു രാഷ്ട്രീയ പാർട്ടികളുംആരോപിച്ചു. അന്തിമറിപ്പോർട്ടല്ലെന്നും ഏകദേശം 20 അംഗീകൃത രാഷ്ട്രീയ പാർട്ടികളും 42 രജിസ്റ്റർ ചെയ്ത പാർട്ടികളും സംസ്ഥാനത്ത് ഉണ്ടെന്നും, ചട്ടങ്ങളിൽ പരാതിയുള്ള ഏതൊരു കക്ഷിക്കും എസ്.ഒ.പിയിൽ അഭിപ്രായമറിയിക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
കരട് നടൻ വിജയുടെ പാർട്ടിയായ ടി.വി.കെയ്ക്കും നൽകണമെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചു. മാർഗരേഖ നിലവിൽ വരും മുൻപേ തങ്ങൾക്ക് മുന്നിൽ പൊലീസ് നിബന്ധനകൾ വയ്ക്കുന്നതായി ടി.വി.കെ കോടതിയിൽ ചൂണ്ടിക്കാട്ടി. ഡിസംബർ നാലിന് സേലത്ത് നടത്താനിരുന്ന പൊതുയോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചെന്ന് ടി.വി.കെ ചൂണ്ടിക്കാട്ടിയപ്പോൾ, കാർത്തിക ദീപം ആയതിനാലാണ് തീരുമാനമെന്നായിരുന്നു സർക്കാർ മറുപടി.
കാർത്തിക ദീപം ആയതിനാൽ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പൊലീസുകാരെ നിയോഗിക്കണമെന്നായിരുന്നു വിശദീകരണം. ബാബ്‌റി മസ്ജിദ് ദിനമായ ഡിസംബർ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്.പി അറിയിച്ചു. ഡിസംബർ രണ്ടാം വാരത്തേക്ക് പുതിയ അപേക്ഷ ടി.വി.കെ നൽകിയേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |