
ന്യൂഡൽഹി: മാസങ്ങളായി വായുമലിനീകരണം രൂക്ഷമായ രാജ്യതലസ്ഥാനം ആരോഗ്യ അടിയന്തരാവസ്ഥയിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വായു ഗുണനിലവാര സൂചിക ഗുരുതര വിഭാഗത്തിൽ തുടരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുകയാണ്. കുട്ടികൾ നമ്മുടെ മുന്നിൽ ശ്വാസം മുട്ടുമ്പോൾ എങ്ങനെയാണ് നിശബ്ദനായിരിക്കുന്നത്. വായുമലിനീകരണത്തിന് പ്രതിവിധി വേണമെന്നും പാർലമെന്റിൽ വിശദമായ ചർച്ച നടത്തണം. പ്രതിസന്ധി പരിഹരിക്കുന്നതിന് കർശനവും സുതാര്യവുമായ കർമ്മപദ്ധതി നടപ്പാക്കണം. ശുദ്ധവായു ഓരോ കുട്ടിയുടെയും അവകാശമാണെന്നും രാഹുൽ പറഞ്ഞു.
വായുമലിനീകരണം രൂക്ഷമായി തുടരുന്നത് സംബന്ധിച്ച് അമ്മമാരുടെ ആശങ്കകൾ പങ്കുവച്ചാണ് രാഹുൽ വിഷയം ഉന്നയിച്ചത്. അമ്മമാരുമായി നടത്തിയ ചർച്ചകൾ രാഹുൽ എക്‌സിൽ പങ്കുവച്ചു. അമ്മമാരെല്ലാം പറയുന്നത് ഒരേ കാര്യമാണ്. അവരുടെ കുട്ടികൾ വിഷവായു ശ്വസിച്ച് വളരുന്നു. അവർ ക്ഷീണിതരും വൈകല്യമുള്ളവരുമാകുന്നു. ഇതിനൊരു പരിഹാരം വേണം. അമ്മമാരുമായുള്ള ചർച്ചയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് രാഹുൽ കുറിച്ചു.
വായു മലിനീകരണം ഗുരുതരമായ പൊതുജനാരോഗ്യ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായുള്ള സർവേ റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഡൽഹിയിൽ ഇന്നലെ ശരാശരി എ.ക്യു.ഐ384 ആയിരുന്നു. ആറിടങ്ങളിൽ എ.ക്യു.ഐ 400ന് മുകളിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |