
റായ്പൂർ: റായ്പൂർ: ഛത്തീസ്ഗഢിലെ ബിജാപൂർ-ദന്തേവാഡ അതിർത്തിയിൽ ഇന്നലെ രാവിലെ 9ഓടെ ആരംഭിച്ച ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. മൂന്ന് ജില്ലാ റിസർവ് ഗാർഡ് (ഡി.ആർ.ജി) ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഒരു ജവാന് പരിക്കേറ്റു. സ്ഥലത്ത് ഓപ്പറേഷൻ തുടരുകയാണ്.
രഹസ്യ വിവരത്തെ തുടർന്ന് ദന്തേവാഡ ഗംഗലൂർ വനത്തിൽ നടന്ന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെയാണ് വെടിവയ്പ് നടന്നതെന്ന് ബിജാപൂർ പൊലീസ് സൂപ്രണ്ട് ഡോ. ജിതേന്ദ്ര യാദവ് പറഞ്ഞു. ഡി.ആർ.ജി, സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, സംസ്ഥാന പൊലീസിന്റെ രണ്ട് യൂണിറ്റുകൾ, കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ - സി.ആർ.പി.എഫിന്റെ ഒരു എലൈറ്റ് യൂണിറ്റ്) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. വെടിവയ്പിൽ ഇതുവരെ 12 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് എസ്.എൽ.ആർ റൈഫിളുകൾ, 303 റൈഫിളുകൾ, മറ്റ് ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഡി.ആർ.ജി ബിജാപൂരിൽ നിന്നുള്ള ഹെഡ് കോൺസ്റ്റബിൾ മോനു വഡാഡി, കോൺസ്റ്റബിൾ ദുകാരു ഗോണ്ടെ, കോൺസ്റ്റബിൾ രമേശ് സോറി എന്നിവരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ ജവാൻ സോംദേവ് യാദവിനെ ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റുമുട്ടൽ നടന്ന സ്ഥലം മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ ബസ്തർ ഡിവിഷനിലുൾപ്പെടുന്ന പ്രദേശമാണ്. നവംബർ 30ന് ദന്തേവാഡയിൽ 37 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു.
ഇതുവരെ 275 പേർ കൊല്ലപ്പെട്ടു
ഈ വർഷം ഇതുവരെ ഛത്തീസ്ഗഢിൽ 275 മാവോയിസ്റ്റുകളാണ് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്. ഇതിൽ 246 പേർ ബിജാപൂർ, ദന്തേവാഡ എന്നിവയുൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിൽ നിന്നാണ് കൊല്ലപ്പെട്ടത്. 27 പേർ റായ്പൂർ ഡിവിഷനിലെ ഗരിയാബന്ദിയിൽ നിന്ന് വെടിയേറ്റ് മരിച്ചു. ദുർഗ് ഡിവിഷനിലെ മൊഹ്ല-മാൻപൂർ-അംബഗർ ചൗകിയിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
2026 മാർച്ച് 31ഓടെ മാവോയിസ്റ്റ് ഭീഷണി അവസാനിപ്പിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. കീഴടങ്ങാത്ത മാവോയിസ്റ്റുകളോട് അനുനയത്തിനില്ലെന്നാണ് കേന്ദ്രം പറയുന്നത്. കീഴടങ്ങുക അല്ലെങ്കിൽ കൊല്ലപ്പെടുക എന്നീ വഴികൾ മാത്രമാണ് മാവോയിസ്റ്റുൾക്ക് മുന്നിലുള്ളതെന്നാണ് കേന്ദ്രസർക്കാരിന്റെ നയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |