
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വിമർശനം
പൊതുയോഗത്തിന് അനുമതി നിഷേധിച്ചു
ദുരന്തത്തിൽ ഇതുവരെ മരണം 24
ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് 24 പേർ മരിച്ചതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്നലെ ഇൻഡോറിലെ ബോംബെ ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. കുടുംബാംഗങ്ങളോട് വിവരങ്ങൾ തിരക്കി. ദുരിതം ഏറ്റവുമധികം ബാധിച്ച ഭഗീരഥ്പുര മേഖലയിലെത്തി മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ചു. പൊതുയോഗം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും ജില്ലാഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടർന്ന് ഒഴിവാക്കി. ബി.ജെ.പിയുടെ ഇരട്ട എൻജിൻ സർക്കാരിന്റെ പുതിയ സമാർട്ട് സിറ്റി മാതൃകയാണ് ഇൻഡോറിൽ കാണുന്നതെന്ന് രാഹുൽ പരിഹസിച്ചു. ഇൻഡോറിൽ ശുദ്ധജലം ലഭ്യമാക്കുന്നില്ല. വെള്ളത്തിലും വായുവിലും മരുന്നിലും ഭൂമിയിലും വിഷം. പൊതുജനം സർക്കാരിനോട് ഉത്തരം ആവശ്യപ്പെട്ടാൽ ബുൾഡോസർ ഉരുളുന്ന സാഹചര്യം. ദരിദ്രരുടെ മരണത്തിന് ആരും ഉത്തരവാദിത്വമേൽക്കുന്നില്ല. ഇൻഡോർ ദുരന്തത്തിലെ കുറ്റവാളികളെ ശിക്ഷിക്കണം. ഇരകൾക്ക് മികച്ച ചികിത്സയും നഷ്‌ടപരിഹാരവും ഉറപ്പാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. മദ്ധ്യപ്രദേശിലെ കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. 24 പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്കെങ്കിലും ഏഴ് പേർ മരിച്ചുവെന്നാണ് സർക്കാർ വിശദീകരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |