
ന്യൂഡൽഹി: അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 2000 കോടി ഡോളറിനും മുകളിൽ ഉയർത്താൻ ഇന്ത്യാ-ബ്രസീൽ ധാരണ. നിർണായക ധാതുക്കൾ, ഡിജിറ്റൽ സഹകരണം, പരമ്പരാഗത അറിവ് പങ്കിടൽ, ആരോഗ്യം, എം.എസ്.എം.ഇ, സംരംഭകത്വം, ബഹുജന ആശയവിനിമയം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ പത്തു കരാറുകളിൽ ഒപ്പിട്ടു. ഇന്ത്യയുടെ സഹകരണത്തോടെ ബ്രസീലിൽ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനായി മികവിന്റെ കേന്ദ്രം സ്ഥാപിക്കും.
ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെയും സാന്നിധ്യത്തിലാണ് കരാറുകൾ ഒപ്പിട്ടത്.
ഉരുക്ക് മേഖലയ്ക്ക് ആവശ്യമായ ധാതു, ഖനന സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള കരാറുമുണ്ട്. ഉരുക്ക് മേഖലയിലെ പര്യവേക്ഷണം, ഖനനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ നിക്ഷേപം ആകർഷിക്കാനും പുതിയ സാങ്കേതിക വിദ്യകൾ ആവിഷ്‌കരിക്കാനും കരാറിൽ വ്യവസ്ഥയുണ്ട്. ലോകത്തിലെ മുൻനിര ഇരുമ്പയിര് ഉത്പാദക രാജ്യങ്ങളിലൊന്നാണ് ബ്രസീൽ.
വ്യാപാരം, ഊർജ്ജം, പ്രതിരോധം, കൃഷി, കാലാവസ്ഥാ പ്രവർത്തനം, സാങ്കേതികവിദ്യ, എ.ഐ, സെമികണ്ടക്ടർ, നിർണായക ധാതുക്കൾ, ആഗോള ദക്ഷിണ സഹകരണം തുടങ്ങിയ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ ധാരണയായി. ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള ശക്തമായ പ്രതിബദ്ധത ഇരു നേതാക്കളും അറിയിച്ചു.
പ്രസിഡന്റ് ലുലയുടെ നേതൃത്വത്തിൽ ഇന്ത്യ-ബ്രസീൽ ബന്ധം ശക്തിപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ലാറ്റിൻ അമേരിക്കയിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ബ്രസീലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിരോധ മേഖലയിലെ സഹകരണം പരസ്‌പര വിശ്വാസത്തിന്റെ പ്രതീകമായി വളരുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി.
നേരത്തെ, രാഷ്ട്രപതി ഭവനിൽ രാഷ്ട‌്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ലുല ഡ സിൽവയെ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം രാജ്ഘട്ട് സന്ദർശിച്ച് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |