കാഠ്മണ്ഡു: വലിയ മഞ്ഞുകട്ടകൾ വഴിമുടക്കുന്നതിനാൽ എവറസ്റ്റ് കയറാനാവാതെ ബുദ്ധിമുട്ടിലായി 400-ലധികം പർവതാരോഹകർ.പത്തുനില കെട്ടിടത്തിന്റെ വലിപ്പമുള്ള മഞ്ഞുകട്ടകളാണ് വഴിമുടക്കിയത്.മഞ്ഞുകട്ടകൾ അപകടകരമാണെന്ന് മുന്നറിയിപ്പുള്ളതിനാലാണ് പർവതാരോഹകർ കുടുങ്ങികിടക്കുന്നത്. 8,849 മീറ്റർ അതായത് 29,032 അടി ഉയരമുള്ള എവറസ്റ്റ് കൊടുമുടിയിലെ ‘ആന്വൽ സമ്മിറ്റ് സീസൺ’ ആണ് ഏപ്രിൽ മാസം മുതൽ മേയ് വരെ. എവറസ്റ്റ് കയറാൻ ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണിത്. എന്നാൽ നിലവിൽ 100 അടി അഥവാ 30 മീറ്റർ ഉയരമുള്ള വലിയ മഞ്ഞുകട്ടകൾ പോകുന്ന വഴി തടസ്സപ്പെടുത്തിയിരിക്കുകയാണ്.
അപകടകരമായ ഈ ഐസ് ബ്ലോക്കുകൾ മാറാതെ യാത്ര സാധ്യമാകില്ലെന്ന സ്ഥിതിയിലാണ് പർവതാരോഹകർ.വേഗത്തിൽ നീങ്ങുന്ന ഹിമാനികൾ മൂലമാണ് മഞ്ഞുകട്ടകൾ രൂപപ്പെട്ടത്. യാത്രചെയ്യുന്ന വഴിയിലേക്ക് വീഴാവുന്ന തരത്തിലാണ് മഞ്ഞുകട്ടകൾ എന്നതിനാൽ അപകടസാധ്യത ഏറെയാണ്.അതിനാൽ കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കുക മാത്രമാണ് പർവതാരോഹകർക്ക് മുന്നിലുള്ള വഴി.
നേപ്പാളിനും ചൈനയുടെ ടിബറ്റ് മേഖലക്കും ഇടയിലുള്ള അതിർത്തിയിലാണ് എവറസ്റ്റ്. ഇരുവശത്തുനിന്നും കയറാൻ കഴിയുമെങ്കിലും മിക്ക പർവതാരോഹകരും പൊതുവെ നേപ്പാൾ ഭാഗമാണ് കയറ്റത്തിനായി തെരഞ്ഞെടുക്കാറ്. ഈ സീസണിൽ ഇതുവരെ 410 പർവതാരോഹകർക്ക് പെർമിറ്റുകൾ അധികൃതർ നൽകിയിട്ടുണ്ട്.ഈ വർഷം ചൈന ടിബറ്റൻ ഭാഗം അടച്ചിട്ടതിനാൽ നേപ്പാൾ ഭാഗത്ത് നിന്നുള്ള മലകയറ്റക്കാരുടെ എണ്ണം ഉയരുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്.എന്നാൽ നിലവിലെ സാഹചര്യം തുടർന്നാൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |