ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിനേഷന്റെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി, ആരോഗ്യസെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു. വാക്സിനേഷൻ വേഗത്തിലാക്കണമെന്ന് മോദി നിർദ്ദേശിച്ചു.
രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം അവസാനിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പ്രസ്താവിച്ചതിന് പിന്നാലെയാണ് യോഗം വിളിച്ച് ചേർത്തതെന്നതും ശ്രദ്ധേയമാണ്.
രാജ്യത്ത് ഇതുവരെയായി 72.37 കോടി (72,37,84,586) വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 67 ലക്ഷത്തിലധികം (67,58,491) ഡോസ് വാക്സിനാണ് രാജ്യത്ത് നൽകിയത്. 60 വയസിന് മുകളിലുള്ളവർക്ക് 9,19,04,711 ആദ്യ ഡോസ് വാക്സിനും 4,84,63,875 രണ്ടാം ഡോസ് വാക്സിനും വിതരണം ചെയ്തു. 45 - 59 പ്രായപരിധിയിലുള്ളവർക്ക് 14,12,24,670 ആദ്യ ഡോസ് വാക്സിനും 6,11,18,659 രണ്ടാം ഡോസ് വാക്സിനും നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |