രാഹുലിനെയും പ്രിയങ്കയെയും വിമർശിച്ച് സോണിയയ്ക്ക് രാജിക്കത്ത്
ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് രാജിവച്ച പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. 'പഞ്ചാബ് ലോക് കോൺഗ്രസ്' എന്നാണ് പേര്.
'കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് സമർപ്പിച്ചു. രാജിവയ്ക്കാനുണ്ടായ കാരണങ്ങൾ കത്തിൽ വിവരിച്ചിട്ടുണ്ട്. പഞ്ചാബ് ലോക് കോൺഗ്രസ് എന്നാണ് പുതിയ പാർട്ടിയുടെ പേര്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.'-അമരീന്ദർ ട്വീറ്റ് ചെയ്തു.
രാജിയിലേക്ക് നയിച്ച കാരണങ്ങളടങ്ങുന്ന ഏഴ് പേജുള്ള കത്താണ് അദ്ദേഹം സോണിയാ ഗാന്ധിക്ക് കൈമാറിയത്. കത്തും അദ്ദേഹം ട്വീറ്റിനോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
1965ലെ യുദ്ധത്തിന് ശേഷം സൈന്യത്തിൽ നിന്ന് വിരമിച്ച് പൊതുജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയിട്ട് 52 വർഷമായെന്ന് വ്യക്തമാക്കുന്നതാണ് കത്തിന്റെ തുടക്കം. പല മന്ത്രിമാർക്കും എം.എൽ.എമാർക്കും മണൽ മാഫിയയുമായി ബന്ധമുണ്ടെന്നാണ് അദ്ദേഹം ഉന്നയിക്കുന്ന ആരോപണം.
'സ്ഥിരതയില്ലാത്തവനും' പാകിസ്ഥാൻ ഭരണകൂടത്തിന്റെ സഹായിയുമായ നവജോത് സിംഗ് സിദ്ദുവിനെ രാഹുലും പ്രിയങ്കയും സംരക്ഷിക്കുകയാണ്. സോണിയ എല്ലാറ്റിനും നേരെ കണ്ണടച്ചിരിക്കുന്നു.തന്നെയും തന്റെ സർക്കാരിനെയും താഴ്ത്തിക്കെട്ടി പ്രശസ്തി നേടുകയാണ് സിദ്ദു ചെയ്തതെന്നും' അമരീന്ദർ കത്തിൽ കുറിച്ചു.
സെപ്തംബറിലാണ് പി.സി.സി അദ്ധ്യക്ഷനായ സിദ്ദുവുമായി മാസങ്ങൾ നീണ്ട അധികാര വടംവലിക്കൊടുവിൽ അമരീന്ദർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |