ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും മുതിർന്ന അണ്ണാ ഡി.എം.കെ നേതാവുമായ ഒ.പനീർശെൽവത്തിന്റെ സഹോദരൻ ഒ.പി.രാജയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ.ശശികലയുമായി രാജ ചർച്ച നടത്തിയതിന് പിന്നാലെയാണ് പുറത്താക്കൽ. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശശികലയുമായി രാജ ചർച്ച ചെയ്തെന്നാണ് വിവരം. രാജയെ കൂടാതെ തേനി ജില്ലയിലെ മറ്റ് മൂന്നു നേതാക്കൾക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. അണികളുമായി ആശയവിനിമയം നടത്താനായി ശശികല തമിഴ്നാടിന്റെ തെക്കൻ ഭാഗങ്ങളിൽ മാർച്ച് നാലു മുതൽ രണ്ടു ദിവസത്തെ സന്ദർശനം നടത്തിയിരുന്നു. ശശികലയെ ക്ഷേത്ര നഗരമായ തിരുചെന്തൂരിലേക്ക് രാജ ക്ഷണിക്കുകയും അവിടെ വച്ച് ചർച്ച നടത്തുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |