ന്യൂഡൽഹി: കൊവിഡ് നാലാം തരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നാളെ മുതൽ 12-14 വയസുകാർക്കും കൊവിഡ് വാക്സിൻ നൽകിത്തുടങ്ങും. 12 വയസ് കഴിഞ്ഞവരിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ബയോളജിക്കൽ-ഇ കമ്പനിയുടെ കോർബിവാക്സാണ് നൽകുക. 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസായാണ് നൽകേണ്ടത്. മാർഗരേഖ ആരോഗ്യമന്ത്രാലയം ഉടൻ പുറത്തിറക്കും.
60വയസ് കഴിഞ്ഞ എല്ലാവർക്കും നാളെ മുതൽ കരുതൽ ഡോസ് നൽകാനും തീരുമാനിച്ചു. ആരോഗ്യ പ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും 60 വയസ് കഴിഞ്ഞ, ഗുരുതര രോഗമുള്ളവർക്കും മാത്രമാണ് നിലവിൽ കരുതൽ ഡോസ് നൽകുന്നത്.
15-18 പ്രായക്കാർക്ക് 2022 ജനുവരി ഒന്നുമുതൽ കൊവിഡ് വാക്സിൻ നൽകുന്നുണ്ട്. ഇവർക്ക് കൊ-വിൻ ആപ്പിൽ രജിസ്റ്റർ ചെയ്ത് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും സ്കൂളുകൾ അടക്കം സ്ഥാപനങ്ങൾ വഴിയുമാണ് വാക്സിൻ നൽകുന്നത്. വാക്സിൻ കേന്ദ്രങ്ങളിൽ തിരിച്ചറിയാൻ പിങ്ക് നിറത്തിലുള്ള ബോർഡ്, പ്രത്യേക ക്യൂ, പ്രത്യേകം കൗണ്ടർ, വാക്സിൻ നൽകാൻ പ്രത്യേക ടീം എന്നിവയുണ്ട്. 12-14 വയസുകാർക്കും ഈ രീതി തുടരാനാണ് സാദ്ധ്യത.
ഫെബ്രുവരി 21നാണ് കോർബിവാക്സ് 12-18 പ്രായക്കാരിൽ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ അനുമതി നൽകിയത്.
15 ലക്ഷം പേർ സംസ്ഥാനത്ത്
l വാക്സിൻ സ്വീകരിക്കാൻ സംസ്ഥാനത്ത് 12 മുതൽ 14വയസുവരെയുള്ള 15 ലക്ഷത്തോളം കുട്ടികളുണ്ടെന്ന് സൂചന.
l നാളെ വിതരണം ആരംഭിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും അറിയിപ്പ് ലഭിച്ചിട്ടില്ല.
l കഴിഞ്ഞ ദിവസം 10.25ലക്ഷം കോർബിവാക്സ് എത്തിയിരുന്നു. എറണാകുളം (4,03,200 ഡോസ്), കോഴിക്കോട് (2,74,500), തിരുവനന്തപുരം (3,47,000)റീജിയണൽ വാക്സിൻ സ്റ്റോറുകളിൽ സൂക്ഷിച്ചിരിക്കുകയാണ്.
l വാക്സിൻ വിതരണത്തിന് മുന്നോടിയായി കേന്ദ്രആരോഗ്യമന്ത്രാലയം ഓൺലൈനായി സംസ്ഥാനങ്ങൾക്ക് ഇത് സംബന്ധിച്ച ക്ലാസ് നൽകും. തുടർന്നാകും മറ്റു നടപടികളിലേക്ക് കടക്കുക.
l ഇന്ന് അറിയിപ്പ് ലഭിച്ചാലുടൻ നാളെ വാക്സിൻ വിതരണം ചെയ്യാൻ ആവശ്യമായ ക്രമീകരണം സംസ്ഥാനം ഒരുക്കും.
12 വയസിന് മുകളിൽ ആർക്കൊക്കെ
2008, 2009, 2010 വർഷങ്ങളിൽ ജനിച്ച, ഇപ്പോൾ 12 വയസ് തികഞ്ഞ കുട്ടികൾക്കാണ് വാക്സിൻ ലഭിക്കാൻ അർഹത. ഇവരെ 12-13, 13-14 വിഭാഗങ്ങളായി തിരിച്ചാകും കുത്തിവയ്പ്.
കോർബിവാക്സ്
ഇന്ത്യയിൽ വികസിപ്പിച്ച ആദ്യ ആർ.ബി.ഡി (റിസ്പറ്റർ ബൈൻഡിംഗ് ഡൊമെയ്ൻ) പ്രോട്ടീൻ സബ് യൂണിറ്റ് വാക്സിൻ. 2-8 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കാം
ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ, സൈഡസ് കാഡിലയുടെ സൈക്കോവ് -ഡി എന്നിവ 12-18 പ്രായക്കാർക്കുള്ള മറ്റ് വാക്സിനുകൾ
ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളെ പ്രതിരോധിക്കാൻ കോർബിവാക്സിന് കഴിയുമെന്ന് തെളിഞ്ഞിരുന്നു. മുതിർന്നവരിലും ഉപയോഗിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |