SignIn
Kerala Kaumudi Online
Friday, 26 April 2024 11.29 AM IST

സഹനമെന്നതിനേക്കാൾ അതിജീവനമായിരുന്നു ആ ജീവിതം ,​ പ‍ഞ്ചാഗ്നിയിൽ തിളച്ച പ്രാർത്ഥന

murmu

സഹനമെന്നതിനേക്കാൾ അതിജീവനമായിരുന്നു എനിക്ക് ജീവിതം. സ്‌നേഹമായി കൂടെ നിന്ന സൗഭാഗ്യങ്ങളെല്ലാം ഈശ്വരൻ തിരിച്ചെടുത്തപ്പോഴും തളർന്നില്ല. ആർക്കു വേണ്ടിയാണ് ഇനി ജീവിക്കേണ്ടത് എന്ന നിരാശയ്ക്കു മീതെ, ഓരോ ശരീരവും ദൈവാംശമാണെന്ന വിശ്വാസത്തെ പ്രതിഷ്ഠിച്ചു. ഈശ്വരൻ ഉള്ളിലുണ്ടെങ്കിൽപ്പിന്നെ ജീവിതം ആർക്കു വേണ്ടിയെന്ന തോന്നലിന് സ്ഥാനമില്ലല്ലോ!

അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലെത്തിയതാണ് ഞാൻ. ഗവർണർ ആകുമെന്നും ഒരിക്കലും കരുതിയതല്ല. കഷ്ടപ്പാടുകൾ നിറഞ്ഞ കുട്ടിക്കാലം. മനസിൽ ഒറ്റച്ചിന്തയേ ഉണ്ടായിരുന്നുള്ളൂ: പഠിച്ച് ജോലി നേടി കുടുംബത്തെ സഹായിക്കണം. അച്ഛനും മുത്തശ്ശിയുമൊക്കെ പഠനത്തെ വളരെയധികം പ്രോത്സാഹിപ്പിച്ചു. ഒരിക്കൽ ഗ്രാമത്തിൽ മന്ത്റി വന്നപ്പോൾ,​ തുടർപഠനത്തിനായി അദ്ദേഹത്തോട് സഹായം തേടാൻ അച്ഛൻ പറഞ്ഞു.

ഏഴാം ക്ലാസ് കഴിഞ്ഞ സമയമായിരുന്നു അത്. പറയാൻ ആദ്യം മടിച്ചെങ്കിലും പിന്നെ സർട്ടിഫിക്ക​റ്റുകളുമായി അദ്ദേഹത്തെ ചെന്നുകണ്ട് വിവരം പറഞ്ഞു. സഹായിക്കാമെന്ന് അദ്ദേഹം ഉറപ്പു തന്നു. പിന്നീട് രമാദേവി കോളേജിൽ നിന്നായിരുന്നു ബിരുദം. ഒഡിഷ ജലസേചന- ഊർജ വകുപ്പിൽ ജൂനിയർ അസിസ്​റ്റന്റായി ജോലി. പക്ഷേ വിവാഹശേഷം ജോലി രാജി വയ്‌ക്കേണ്ടിവന്നു.

കുട്ടികൾ വലുതായപ്പോൾ ഇനി സമയം കളയരുതെന്നു തോന്നി. അങ്ങനെ റായ്‌രംഗ്പൂരിലെ അരബിന്ദോ ഇന്റഗ്രൽ എഡ്യുക്കേഷൻ സെന്ററിൽ അദ്ധ്യാപികയായി ചേർന്നു. അവിടെ നിന്നാണ് സാമൂഹിക സേവന രംഗത്തേക്കു വരുന്നത്. ആദിവാസികൾക്കു വേണ്ടി പ്രവർത്തിച്ചു. രാഷ്ട്രീയത്തിലേക്കുള്ള ക്ഷണം ആദ്യം നിരസിച്ചെങ്കിലും,​ പിന്നീട് ഭർത്താവിന്റെ പിന്തുണ കിട്ടിയതോടെ മനസു മാറ്റി.

രാഷ്ട്രീയത്തെക്കുറിച്ച് പൊതുസമൂഹത്തിന് അത്ര നല്ല അഭിപ്രായമായിരുന്നില്ല . പ്രത്യേകിച്ച്,​ ഒരു ആദിവാസി വനിത രാഷ്ട്രീയത്തിലേക്ക് കടന്നുവരുമ്പോൾ പല വ്യാഖ്യാനങ്ങളുമുണ്ടാകും. ഒന്നും വകവച്ചില്ല. ആദ്യം കൗൺസിലർ. 2000- ൽ റായ്‌രംഗ്പൂരിൽ നിന്ന് ബിജെപി എം.എൽ.എയും,​ തുടർന്ന് വാണിജ്യ,​ ഗതാഗത വകുപ്പ് മന്ത്റിയുമായി. 2004 വരെ ഒഡിഷ മന്ത്റിസഭയിൽ. 2007- ൽ മികച്ച എം.എൽ.എയ്ക്കുള്ള നീൽകണ്ഠ് അവാർഡ്.

2009- ൽ മൂത്തമകൻ ലക്ഷ്മണിന്റെ വേർപാട് എന്നെ വല്ലാതെ ഉലച്ചിരുന്നു. ആ വേദനയിൽ നിന്ന് പതിയെ പുറത്തു കടന്നപ്പോഴാണ് 2013- ൽ രണ്ടാമത്തെ മകൻ അപകടത്തിൽപ്പെട്ട് ഞങ്ങളെ വിട്ടു പോകുന്നത്. ദുരന്തങ്ങളുടെ ആവർത്തനമായിരുന്നു പിന്നീടങ്ങോട്ട്. അതേ മാസം തന്നെ എനിക്ക് അമ്മയെയും സഹോദരനെയും നഷ്ടമായി. 2014-ൽ ഹൃദയാഘാതം മൂലം ഭർത്താവ് ശ്യാംചരണിന്റെ മരണം. ഒടുവിൽ ഞാനും മകൾ ഇതിശ്രീയും മാത്രമായി.

ഈശ്വരൻ എന്നെ ഇത്ര മാത്രം പരീക്ഷിക്കുന്നത് എന്താണ്? പിന്നീടങ്ങോട്ട് മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലായിരുന്നു ജീവിതം. വിഷാദത്തിൽ ആണ്ടുപോയ എന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത് ആത്മീയതായിരുന്നു. ബ്രഹ്മകുമാരീസ് എന്ന ആത്മീയാശ്രമം ഒരു വെളിച്ചമായിരുന്നു. എനിക്കായി കാത്തിരിക്കുന്ന കുറേയേറെപ്പേർ ഗ്രാമത്തിലുണ്ട്. അവർക്കായി ജീവിച്ചേ മതിയാകൂ. ആത്മീയ ജീവിതത്തിന്റെ ഉൾക്കാഴ്ചയിൽ പതിയെ സാമൂഹിക ജീവിതത്തിലേക്ക് മടങ്ങിവന്നു.

2016- ൽ ജാർഖണ്ഡ് ഗവർണർ പദവി എന്നെത്തേടി വന്നു. ജനങ്ങളെ സേവിക്കുകയാണ് എന്റെ നിയോഗം. മുന്നിൽ ഒരുപാട് സമയം ബാക്കിയുണ്ട്. സാധാരണക്കാരായ ജനങ്ങൾക്കു വേണ്ടി,​ അവരുടെ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കണമെന്ന ചിന്ത മുമ്പത്തെക്കാളേറെ മുഴുവൻ സമയ രാഷ്ട്രീയ സാമൂഹിക സേവനങ്ങൾക്കായി എന്നെ വളരെയധികം പ്രേരിപ്പിച്ചു.

എനിക്കായി ഒന്നും മാ​റ്റിവയ്ക്കേണ്ടതില്ല എന്ന ചിന്തയിൽ,​ ഇല്ലായ്മയിൽ കഴിയുന്ന,​ പിന്നാക്കം നിൽക്കുന്ന ഒരുപാട് പേർക്കായി പലതും കരുതിവയ്ക്കാൻ കഴിഞ്ഞു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്കു വേണ്ടി ഞാൻ പ്രവർത്തിച്ചു. അതാണ് എന്റെ ജനസേവനം. അത് ഇനിയും തുടരും.

(ദ്രൗപദി മുർമു മാദ്ധ്യമങ്ങൾക്കു നല്കിയ അഭിമുഖങ്ങളിൽ നിന്ന് സമാഹരിച്ചത്)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.