മൈസൂരു: മൈസൂരു ജില്ലയിലെ ടി നരസിപൂരിലുള്ള കെബെഹുണ്ടി ഗ്രാമത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 21കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. ടി നർസിപൂരിലെ സർക്കാർ കോളേജിലെ അവസാന വർഷ ബി.കോം വിദ്യാർത്ഥിനി മേഘ്നയാണ് കൊല്ലപ്പെട്ടത്. വീട്ടുമുറ്റത്തു നിന്ന് കൃഷിയിടത്തേയ്ക്ക് പോകുകയായിരുന്ന മേഘ്നയെ പുലി ആക്രമിക്കുകയായിരുന്നു. 200 മീറ്ററോളം യുവതിയെ വലിച്ചുകൊണ്ടു പോകുകയും ചെയ്തു. നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിയെത്തിയപ്പോഴേക്കും രക്തത്തിൽ കുളിച്ച് അവശനിലയിലായിരുന്നു മേഘ്ന. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറച്ചു ദിവസങ്ങളിലായി ഗ്രാമത്തിൽ പുലിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നെന്നും അതിനെ കുടുക്കാനായി കൂടൊരുക്കിയിരുന്നെന്നും ഗ്രാമവാസികൾ പറഞ്ഞു. സംഭവത്തിൽ ആശുപത്രിക്കു മുമ്പിൽ പ്രദേശവാസികൾ പ്രതിഷേധം നടത്തുകയും അധികാരികൾക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ടി നർസിപൂർ എം.എൽ.എ അശ്വിൻ കുമാർ സംഭവസ്ഥലത്തെത്തി നാട്ടുകാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
അതിനിടെ പുലിയെ വെടിവയ്ക്കാനായി കർണ്ണാടക വനംവകുപ്പ് മൈസൂരു സർക്കിൾ ഫോറസ്റ്റ് കൺസർവേറ്റർ മാലതി പ്രിയ ഉത്തരവ് പുറപ്പെടുവിച്ചു. പുലിയെ കണ്ടെത്തുന്നതിനും വെടിവയ്ക്കുന്നതിനുമായി 15 സംഘങ്ങൾക്ക് രൂപം നൽകി.
ചുമതല നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയ റേഞ്ച് ഒഫീസറെ നിർബന്ധിത അവധിയിൽ വിട്ടു.
യുവതിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു വർഷം വരെ മാസം 2000 രൂപ നൽകാനും കുടുംബാംഗങ്ങളിൽ ഒരാൾക്ക് വനംവകുപ്പിൽ ജോലി നൽകാനും തീരുമാനിച്ചെന്നും അവർ അറിയിച്ചു.
അതിനിടെ ബംഗളൂരുവിലെയും മൈസൂരുവിലെയും ജനവാസ കേന്ദ്രങ്ങളിൽ പുള്ളിപ്പുലി ഇറങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. മാനിനെ വേട്ടയാടിയ പുലിയ്ക്കായി വനംവകുപ്പ് അധികൃതർ തെരച്ചിൽ നടത്തി വരികയായിരുന്നു. പുലി കൊന്നതായി സംശയിക്കുന്ന മാനിന്റെ ജഡം കണ്ടെത്തിയിരുന്നു. പുലിയെ പിടികൂടുന്നതിനായി നഗരത്തിന്റെ പല ഭാഗങ്ങളിൽ കൂടുകൾ സ്ഥാപിച്ചു. രണ്ടു ദിവസം മുമ്പ് ബന്നേർഗട്ട ദേശീയോദ്യാനത്തിനു സമീപം പുലിയെ കണ്ടെത്തിയിരുന്നെന്നും നഗരത്തിൽ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മാസങ്ങളായി പുലിയുടെ ആക്രമണം നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |