SignIn
Kerala Kaumudi Online
Saturday, 27 April 2024 5.22 AM IST

ഉത്തരേന്ത്യയെ പുതഞ്ഞ് മൂടൽ മഞ്ഞ്

fog

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യവും മൂടൽമഞ്ഞും കനത്തതോടെ ജനജീവിതം ദുഃസഹമാകുന്നു. ഇന്നലെ രാവിലെ ഡൽഹിയിലെ കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസായിരുന്നു. അടുത്ത ദിവസങ്ങളിൽ ഇത് 5 ഡിഗ്രി വരെയാകുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ രാവിലെ ഡൽഹിയിൽ ദൂരക്കാഴ്ച 150 മീറ്റർ വരെയായി. 23 വരെ ഡൽഹിയിൽ ഐ.എം.ഡി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശ്വാസംമുട്ടൽ, ചുമ, കണ്ണ് എരിച്ചിൽ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാമെന്ന് ഐ.എം.ഡി അറിയിച്ചു.

ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ മൂടൽമഞ്ഞ് റെയിൽ, റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. എന്നാൽ ഡൽഹിയിലെ വിമാന സർവീസുകളെ ഇത് ബാധിച്ചിട്ടില്ല.

സാധാരണ നിലയിൽ പ്രവർത്തിക്കുമ്പോഴും യാത്രാസമയമടക്കമുള്ള വിവരങ്ങൾക്കായി യാത്രക്കാർ വിമാനക്കമ്പനിയുമായി ബന്ധപ്പെടണമെന്ന് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവള അധികൃതർ നിർദ്ദേശിച്ചു. എന്നാൽ വാരണാസി, ലക്‌നൗ, ചാണ്ഡീഗഡ് വിമാനത്താവളങ്ങളിൽ ഇറങ്ങേണ്ട പല വിമാനങ്ങളും ഡൽഹിയിലേക്ക് തിരിച്ചു വിട്ടിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള റെയിൽ ഗതാഗതത്തെ കനത്ത മൂടൽമഞ്ഞ് സാരമായി ബാധിച്ചു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള 20 തീവണ്ടികൾ വൈകിയാണ് യാത്ര പുറപ്പെട്ടത്.

മൂടൽമഞ്ഞിനെ തുടർന്നുള്ള അപകടങ്ങളുടെ പശ്ചാത്തലത്തിൽ റോഡ് ഗതാഗതത്തിലും നിയന്ത്രണമുണ്ട്. ബസ് ഗതാഗതത്തിലെ സമയക്രമവും മാറ്റി. നോയിഡ ഡിപ്പോയിൽ നിന്ന് ബസുകൾ രാത്രി ഒമ്പത് മുതൽ രാവിലെ ഏഴ് വരെ സർവീസ് നടത്തില്ല. ഭൂരിപക്ഷം ബസുകളുടെയും റിസർവേഷൻ നിറുത്തി.

 വിദ്യഭ്യാസ സ്ഥാപനങ്ങളുടെ സമയത്തിലും മാറ്റം

പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും വിദ്യഭ്യാസ സ്ഥാപനങ്ങളുടെ സമയത്തിലും മാറ്റം വരുത്തി. പഞ്ചാബിൽ ജനുവരി 21 വരെ സ്‌കൂളുകൾ രാവിലെ 10 മണിക്കേ തുറക്കൂ. സാധാരണ പോലെ വൈകിട്ട് മൂന്ന് വരെ പ്രവർത്തിക്കും. പഞ്ചാബിൽ രാവിലെ 9 മണിക്കായിരുന്നു സ്‌കൂളുകൾ തുറന്നിരുന്നത്. ഗാസിയാബാദിലെ സ്‌കൂളുകളിലെ ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകൾ രാവിലെ ഒമ്പതിനേ ആരംഭിക്കൂ. മദ്രസ വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാകും. സ്കൂൾ വാഹനങ്ങൾ അതിരാവിലെ പുറപ്പെടുമ്പോൾ മൂടൽ മഞ്ഞ് കാരണമുള്ള അപകടം ഒഴിവാക്കാനാണ് സമയ മാറ്റം. ഇന്ന് പുതുക്കിയ സമയക്രമം പ്രാബല്യത്തിൽ വരും. ഹരിയാനയിൽ ഒറ്റ ഷിഫ്റ്റുള്ള സ്കൂളുകൾ രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ പ്രവർത്തിക്കും. രണ്ട് ഷിഫ്റ്റുകളുള്ള സ്കൂളുകളിൽ ആദ്യ ഷിഫ്റ്റ് രാവിലെ 7.55 മുതൽ 12.30 വരെയും രണ്ടാമത്തേത് 12.40 മുതൽ 5.15 വരെയുമായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, FOG
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.