SignIn
Kerala Kaumudi Online
Saturday, 27 April 2024 1.15 AM IST

ഡൽഹിയിലെ ആദ്യ വനിതാ മേയറാകാൻ ഡോ. ഷെല്ലി ഒബ്‌റോയ്

shellyoberoi

ന്യൂഡൽഹി: തിരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് പിന്നാലെ ആംആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയായ ഡോ. ഷെല്ലി ഒബ്‌റോയി ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ (എം.ഡി.സി) ആദ്യ വനിതാ മേയർ ആകാൻ സാദ്ധ്യതയേറി. എം.എൽ.എമാർക്കും എം.പിമാർക്കും അടക്കം വോട്ടുള്ള മേയർ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ നിറുത്തില്ലെന്നാണ് സൂചന. ജനുവരി ആറിനാണ് തിരഞ്ഞെടുപ്പ്.

ലക്ഷ്യം മാലിന്യനിർമ്മാർജ്ജനം


മേയറായി തിരഞ്ഞെടുക്കപ്പെട്ടാൽ ആംആദ്‌മി പാർട്ടി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്ത 10 ഉറപ്പുകൾ നിറവേറ്റുമെന്ന് ഷെല്ലി പറഞ്ഞു. 15 വർഷത്തെ ബി.ജെ.പി ഭരണം ഡൽഹിയെ രാജ്യത്തിന്റെ മാലിന്യ തലസ്ഥാനമാക്കി മാറ്റി. ഏതാനും മാസങ്ങൾക്കുള്ളിൽ ഡൽഹിയെ വൃത്തിയുള്ള നഗരമാക്കി മാറ്റും. മാലിന്യ മലകൾ നീക്കം ചെയ്യും. തലസ്ഥാനം വൃത്തിയാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കി പ്രാവർത്തികമാക്കും. ബി.ജെ.പി പരാജയപ്പെട്ട എല്ലാ വിഷയങ്ങളിലും പരിഹാരമുണ്ടാക്കും. എല്ലാവരുമായും സഹകരിച്ച് ഡൽഹിയെ മികച്ചതാക്കുമെന്നും ഷെല്ലി ഒബ്റോയ് പറഞ്ഞു.

മേയർ സ്ഥാനത്തേക്ക് തന്നെ നാമനിർദ്ദേശം ചെയ്‌‌തതിന് ഷെല്ലി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും നന്ദി പറഞ്ഞു. ജനങ്ങളുടെയും പാർട്ടിയുടെയും പ്രതീക്ഷകൾ നിറവേറ്റുമെന്നും അവർ പറഞ്ഞു.

ഡൽഹി യൂണിവേഴ്‌സിറ്റിയിലെ മുൻ വിസിറ്റിംഗ് അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഷെല്ലി (39) ആദ്യമായാണ് കൗൺസിലറാകുന്നത്. അതും മുൻ ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ ആദേശ് ഗുപ്തയുടെ തട്ടകമായ ഈസ്റ്റ് പട്ടേൽ നഗറിൽ നിന്ന്. ബി.ജെ.പി കോട്ടയായ വാർഡിൽ അവരുടെ സ്ഥാനാർത്ഥിയായ ദീപാലി കുമാറിനെ 269 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

ഡൽഹിയിൽ ജനിച്ചു വളർന്ന ഒബ്‌റോയ് 2013മുതൽ ആം ആദ്മി പാർട്ടിയിലുണ്ട്. 2020 വരെ പാർട്ടിയുടെ സംസ്ഥാന മഹിളാ മോർച്ച വൈസ് പ്രസിഡന്റായിരുന്നു. ഇഗ്നോയുടെ സ്കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നിന്ന് മാനേജ്‌മെന്റ് സ്റ്റഡീസിൽ പിഎച്ച്‌.ഡി നേടി. ഇന്ത്യൻ കൊമേഴ്‌സ് അസോസിയേഷൻ ആജീവനാന്ത അംഗമാണ്. നിരവധി സർവകലാശാലകളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു.

ആലെ മുഹമ്മദ് ഇഖ്ബാലിനെ ആംആദ്‌മി പാർട്ടി ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ജനസംഖ്യയിൽ ഭൂരിപക്ഷമുള്ള പൂർവാഞ്ചൽ, വൈശ്യ സമാജം വിഭാഗങ്ങളെ പൂർണ്ണമായും അവഗണിച്ചതായി ബി.ജെ.പി ആരോപിച്ചു.

തിരഞ്ഞെടുപ്പ് ജനു. 6ന്

2023 ജനുവരി 6-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ കൗൺസിലർമാർ, ചില ഭാഗങ്ങളിൽ നിന്നുള്ള എംപിമാർ, എം.എൽ.എമാർ തുടങ്ങിയവർ ചേർന്നാണ് മേയറെ തിരഞ്ഞെടുക്കുക. ബി.ജെ.പി എതിർത്തില്ലെങ്കിൽ വീണ്ടും ഏകീകരിക്കപ്പെട്ട എം.സി.ഡിയുടെ ആദ്യ മേയറായി ഒബ്‌റോയ് മാറും. 2023 ഏപ്രിൽ വരെയാണ് പുതിയ മേയറുടെ കാലാവധി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.