ചെന്നൈ: റോഡരികില്‍ പാനിപൂരി കച്ചവടം നടത്തി യുവാവ് ഒറ്റ വര്‍ഷം കൊണ്ട് സമ്പാദിച്ചത് 40 ലക്ഷം രൂപയില്‍ അധികം. യുപിഐ പേമെന്റ് വഴി ഒരു വര്‍ഷം കൊണ്ട് 40,11,019 രൂപ അക്കൗണ്ടിലെത്തിയെന്ന് കാണിച്ച് ജിഎസ്ടി വകുപ്പ് യുവാവിന് അയച്ച നോട്ടീസ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വരുമാനത്തിന്റെ പരിധി മറികടന്നിട്ടും ജിഎസ്ടി രജിസ്‌ട്രേഷന്‍ നടത്തിയില്ലെന്നും ഇത് കുറ്റകരമാണെന്നും ചൂണ്ടിക്കാണിച്ചാണ് യുവാവിന് നോട്ടീസ് അയച്ചിരിക്കുന്നത്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം യുപിഐ പേമെന്റ് വഴി ലഭിച്ച തുകയാണ് 40.11 ലക്ഷം രൂപ. ജിഎസ്ടി വകുപ്പില്‍ നിന്ന് അയച്ച നോട്ടീസില്‍ ഏതൊക്കെ പേമെന്റ് ഇന്റര്‍ഫേസ് വഴിയാണ് പണം അക്കൗണ്ടിലെത്തിയതെന്നും വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് ചരക്ക് സേവന നികുതി നിയമത്തിലെയും സെന്‍ട്രല്‍ ജിഎസ്ടി നിയമത്തിലെയും വ്യവസ്ഥകള്‍ പ്രകാരമാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് പ്രാദേശിക മാദ്ധ്യമങ്ങളും ദേശീയ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍ ഈ നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും ചരക്ക് സേവന നികുതി വിഭാഗം ഔദ്യോഗികമായി പ്രതികരിക്കുകയോ നോട്ടീസിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയൊ ചെയ്തിട്ടില്ല. എന്നാല്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന നോട്ടീസിനെക്കുറിച്ച് വിവിധ ഉപഭോക്താക്കള്‍ വ്യത്യസ്ത അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. നോട്ടീസിന്റെ ആധികാരികത ഉറപ്പിക്കാതെ ഇതുപോലുള്ളത് പങ്കുവയ്ക്കുന്നത് ശരിയല്ലെന്നാണ് ഒരു അഭിപ്രായം. അയാള്‍ പാനിപൂരി കച്ചവടം മാത്രം നടത്തിയാണോ ഇത്രയും പണം അക്കൗണ്ടില്‍ എത്തിയതെന്നും മറ്റേതെങ്കിലും ഇടപാടുകളായിക്കൂടെയെന്നും സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. പാനിപൂരി കച്ചവടത്തില്‍ നിന്ന് അല്ലാതെ ലഭിച്ച വരുമാനമാണെങ്കില്‍ അതിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ലല്ലോയെന്നും അഭിപ്രായം രേഖപ്പെടുത്തിയവരുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |