ന്യൂഡൽഹി: എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളി ഹരിയാനയിൽ ഭരണതുടർച്ച ബിജെപിക്ക് ലഭിച്ചതിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ബിജെപി ആസ്ഥാനത്ത് പ്രവർത്തകർ നൽകിയ സ്വീകരണം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിനും സദ്‌ഭരണത്തിനും ജനങ്ങൾ വോട്ട് നൽകി വിജയിപ്പിച്ചെന്നും ജനങ്ങളുടെ പ്രത്യാശയെ നിറവേറ്റാൻ വിട്ടുവീഴ്‌ചയുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കാശ്‌മീരിലെ വിജയത്തിന് നാഷണൽ കോൺഫറൻസിനെയും അദ്ദേഹം അഭിനന്ദിച്ചു. എന്നാൽ കാശ്‌മീരിൽ ഏറ്റവും വോട്ടിംഗ് ശതമാനം കൂടുതൽ ബിജെപിക്കാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം തവണയും ബിജെപിയെ തെരഞ്ഞെടുത്തതിന് ഹരിയാനയിലെ ജനങ്ങളോട് മോദി നന്ദി പറഞ്ഞു. ഭരണഘടനയുടെ വിജയമാണ് ഇതെന്ന് പറഞ്ഞ അദ്ദേഹം കോൺഗ്രസിന് ഒരിടത്തുപോലും ജനങ്ങൾ രണ്ടാമൂഴം നൽകിയില്ല എന്ന് ഓർമ്മിപ്പിച്ചു. ജനങ്ങൾ കോൺഗ്രസിന് നോ എൻട്രി ബോർഡ് വച്ചെന്നും എന്നാൽ ബിജെപിയെ ജനങ്ങൾ വീണ്ടും വീണ്ടും തെരഞ്ഞെടുത്തെന്നും മോദി അഭിപ്രായപ്പെട്ടു. കോൺഗ്രസ് നിലനിൽക്കുന്നത് സഖ്യകക്ഷികളുടെ ബലത്താലാണ്. ആദിവാസികളെയും ദളിതരെയും പറ്റിക്കുന്ന സർക്കാരുകളായിരുന്നു കോൺഗ്രസിന്റേത്.നുണകളുടെ മുകളിൽ വികസനം നേടിയ വിജയമാണ് ഹരിയാനയിലേത്. ഹരിയാനയിലെ കർഷകർ ബിജെപിക്കൊപ്പമാണ്. ജാതിയുടെ പേരിൽ ആളുകളെ തമ്മിലടിപ്പിക്കുകയാണ് കോൺഗ്രസ്. സൈനികരുടെ പേരിലെ കള്ളക്കഥകൾക്ക് ജനം മറുപടി നൽകിയെന്നും ഇത് ജനങ്ങളുടെ വിജയമാണെന്നും ഓരോ പാർട്ടി പ്രവർത്തകരെയും നമിക്കുന്നതായും മോദി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |