ന്യൂഡൽഹി: ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ രജനികാന്തിന്റെ ഭാര്യ ലതയെ ഫോണിൽ ബന്ധപ്പെട്ട് നടന്റെ വിവരങ്ങൾ പ്രധാനമന്ത്രി തിരക്കിയതായി തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയാണ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് മോദി ആശംസിച്ചതായും അണ്ണാമലൈ കുറിപ്പിൽ വ്യക്തമാക്കി.
സെപ്തംബർ 30നാണ് രജനികാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിൽ നിന്നുള്ള പ്രധാന രക്തക്കുഴലിൽ (അയോർട്ട) വീക്കം കണ്ടെത്തിയെന്നും ഇത് ശസ്ത്രക്രിയ കൂടാതെ തന്നെ ചികിത്സിച്ച് ഭേദമാക്കിയതായും ആശുപത്രി പുറത്തിറക്കിയ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. വീക്കം പൂർണമായി മാറ്റുന്നതിനായി അയോർട്ടയിൽ സ്റ്റെന്റ് ഇട്ടു. രജനികാന്തിന്റെ ആരോഗ്യനില തൃപ്‌തികരമാണ്. രണ്ടുദിവസത്തിനകം അദ്ദേഹം ആശുപത്രി വിടുമെന്നും ബുള്ളറ്റിനിൽ പറയുന്നു.
എല്ലാം നന്നായി പോകുന്നുവെന്ന് രജനികാന്തിന്റെ ഭാര്യ ലത പ്രതികരിച്ചിരുന്നു. സിനിമാതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്ക രേഖപ്പെടുത്തിയത്. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എക്സിൽ കുറിച്ചു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, തമിഴ്നാട് ഗവർണർ ആർ.എൻ. രവി, നടന്മാരായ കമലഹാസൻ, വിജയ് എന്നിവർ രജനികാന്ത് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
73കാരനായ രജനികാന്ത് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി' എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു. ഇതിനിടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രജനികാന്ത് നായകനായ 'വേട്ടയ്യൻ' സിനിമ ഒക്ടോബർ 10 റിലീസ് ചെയ്യാനിരിക്കുകയാണ്. ചിത്രം ടി ജി ജ്ഞാനവേലാണ് സംവിധാനം ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |