
അമരാവതി: ക്ഷേത്രാചാരങ്ങൾക്ക് ഉപയോഗിക്കാനായി സിൽക്ക് എന്ന പേരിൽ നൽകിയിരുന്നത് പോളിസ്‌റ്റർ തുണികൊണ്ടുള്ള ദുപ്പട്ടകളെന്ന് (ഷാൾ) റിപ്പോർട്ട്. ആന്ധ്രാപ്രദേശിലെ പ്രശസ്‌തമായ തിരുമല തിരുപ്പതി ക്ഷേത്രത്തിലാണ് തട്ടിപ്പ് നടന്നത്. 2015 മുതൽ 2025 വരെ ഏകദേശം 54 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് വിവരം.
ക്ഷേത്രത്തിലേക്ക് സംഭാവനകൾ നൽകുന്നവർക്ക് നൽകാനും ക്ഷേത്രാചാരങ്ങൾക്ക് ഉപയോഗിക്കാനുമായാണ് മൾബറി സിൽക്ക് തുണി കൊണ്ടുള്ള ദുപ്പട്ടകൾക്ക് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) എന്ന തിരുമല ക്ഷേത്ര ട്രസ്റ്റ് കരാർ നൽകിയിരുന്നത്. എന്നാൽ കരാറുകാരൻ 100% പോളിസ്റ്റർ തുണികൾ കൊണ്ടുള്ള ദുപ്പട്ടകളാണ് വിതരണം ചെയ്‌തതെന്ന് ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. ബി ആർ നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിടിഡി ബോർഡ് ആശങ്കകൾ ഉന്നയിച്ചതിനെത്തുടർന്നായിരുന്നു അന്വേഷണം. സംഭവത്തിൽ ആന്റി കറപ്ഷൻ ബ്യൂറോയുടെ (എസിബി) അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
ഏകദേശം 350 രൂപ വിലവരുന്ന ഒരു ഷാളിന് 1300 രൂപയായിരുന്നു കരാറുകാരൻ ബില്ല് ചെയ്‌തിരുന്നത്. സെൻട്രൽ സിൽക്ക് ബോർഡിന് (സിഎസ്ബി) കീഴിലുള്ള ലബോറട്ടറിയിലുൾപ്പടെ ഷാളുകളുടെ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനനടത്തി. ഇതിൽ നിന്നാണ് സിൽക്കിന് പകരം നൽകിയിരുന്നത് പോളിസ്റ്റർ തുണിയാണെന്ന് മനസിലായത്. ശുദ്ധമായ പട്ടാണെന്ന് ഉറപ്പുവരുത്തി നിർബന്ധമായും പതിപ്പിക്കേണ്ട സിൽക്ക് ഹോളോഗ്രാം ഈ ദുപ്പട്ടകളിൽ ഇല്ലായിരുന്നെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.
ഒരേ കമ്പനിയുടെ സഹോദര സ്ഥാപനങ്ങൾ തന്നെയാണ് തട്ടിപ്പ് നടന്ന കാലയളവിലെ കരാറുകൾ ഏറ്റെടുത്തിരുന്നത്. അഴിമതി പുറത്തുവന്നതിനെത്തുടർന്ന് ഈ കമ്പനികളുമായുള്ള എല്ലാ കരാറുകളും ക്ഷേത്ര ട്രസ്റ്റ് റദ്ദാക്കി. ക്ഷേത്രത്തിൽ നിന്ന് വിതരണം ചെയ്യുന്ന ലഡുവിന്റെ നിർമ്മാണത്തിന് മായം കലർന്ന നെയ്യ് ഉപയോഗിക്കുന്നെന്ന വാർത്ത പുറത്ത് വന്ന് നാളുകൾ കഴിയും മുൻപാണ് വീണ്ടും പുതിയ അഴിമതി വെളിച്ചത്തുവരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |