
ജയ്‌പൂർ: സർക്കാർ സ്ഥാപനത്തിലെ ജോയിന്റ് ഡയറക്‌ടറുടെ ഭാര്യ ജോലി ചെയ്യാതെ രണ്ട് കമ്പനികളിൽ നിന്നായി ശമ്പളം വാങ്ങിയത് 37.54 ലക്ഷം രൂപ. രണ്ട് കമ്പനികളിലും ഒരുദിവസം പോലും പോയിട്ടുമില്ല. രാജസ്ഥാൻ സർക്കാരിന്റെ രാജ്‌കോംപ് ഇൻഫോ സർവീസസ് എന്ന സ്ഥാപനത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിലെ ജോയിന്റ് ഡയറക്‌ടറായ പ്രദ്യുമാൻ ദീക്ഷിത് ആണ് തട്ടിപ്പ് നടത്തിയത്. രണ്ട് കമ്പനികളിൽ ഭാര്യ പൂനം ദീക്ഷിതിന്റെ പേര് അനധികൃതമായി ഉൾപ്പെടുത്തി രണ്ടുവർഷംകൊണ്ട് ലക്ഷങ്ങൾ ശമ്പളമായി കൈപ്പറ്റി വരികയായിരുന്നു. രാജസ്ഥാൻ ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച് ഹർജി എത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
സംഭവത്തിൽ ഹൈക്കോടതിയുടെ നിർദേശത്തിൽ രാജസ്ഥാൻ ആന്റി കറപ്‌ഷൻ ബ്യൂറോ (എസിബി) ഇക്കൊല്ലം ജൂലായിൽ അന്വേഷണം ആരംഭിച്ചു. സർക്കാരിന്റെ ടെൻഡറുകൾ എടുക്കുന്ന സ്വകാര്യ കമ്പനികളായ ഓറിയോൺ പ്രോ സൊല്യൂഷൻസ്, ട്രീജെൻ സോഫ്‌ട്‌വെയർ ലിമിറ്റഡ് എന്നീ കമ്പനികളിലാണ് പൂനം ജോലിക്ക് പോകാതെ തന്നെ ജീവനക്കാരിയായത്. സർക്കാരിന്റെ ടെൻഡർ ലഭിക്കണമെങ്കിൽ തന്റെ ഭാര്യയെ ജീവനക്കാരിയായി നിയമിക്കണമെന്നും മാസവേതനം നൽകണമെന്നും ദീക്ഷിത് ആവശ്യപ്പെടുകയായിരുന്നു.
ജനുവരി 2019നും സെപ്തംബർ 2020നും ഇടയിലായി പൂനത്തിന്റെ അഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി രണ്ട് സ്വകാര്യ കമ്പനികളും പണം നിക്ഷേപിച്ചതായി എസിബി കണ്ടെത്തി. 37,54,405 രൂപയാണ് സാലറി ഇനത്തിൽ അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായി കണ്ടെത്തിയത്. ഇക്കാലയളവിൽ ഒരിക്കൽ പോലും പൂനം രണ്ട് ഓഫീസുകളിലും എത്തിയില്ല. ദീക്ഷിതായിരുന്നു പൂനത്തിന്റെ വ്യാജ ഹാജറിന് അംഗീകാരം നൽകിയതും. മാത്രമല്ല, രണ്ട് കമ്പനികൾക്കും ഇക്കാലയളവിൽ സർക്കാർ ടെൻഡറുകൾ ലഭിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |