ഹൈദരാബാദ്: തെലങ്കാനയിൽ തകർന്ന തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള രക്ഷാപ്രവർത്തനം വീണ്ടും പ്രതിസന്ധിയിൽ. അപകടം സംഭവിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും ദൗത്യസംഘത്തിന് തുരങ്കത്തിനുളളിലെ ചെളിയും വെളളവും കാരണം അകത്തേക്ക് കടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അതിജീവന സാദ്ധ്യത മങ്ങുകയാണെന്നും തെലങ്കാന മന്ത്രി കൃഷ്ണ റാവു അറിയിച്ചു.കുടുങ്ങിയവരിൽ നാല് പേർ നിർമാണ തൊഴിലാളികളാണെന്നും മറ്റ് നാല് പേർ കമ്പനിയിലെ ജീവനക്കാരുമാണെന്നും മന്ത്രി വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ പത്തോടെയായായിരുന്നു അപകടം. നാഗർ കുർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ ജലസേചന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചുകൊണ്ടിരുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. സൈന്യം, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ഏജൻസികൾ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. നാവിക കമാൻഡോകളും രക്ഷാപ്രവർത്തനത്തിനുണ്ട്. 2023ൽ ഉത്തരാഖണ്ഡിൽ സിൽക്കിയാര തുരങ്കത്തിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാൻ നടത്തിയ രക്ഷാപ്രവർത്തനത്തിലെ ആറംഗ സംഘവും തെലങ്കാനയിലെ രക്ഷാപ്രവർത്തനത്തിന് പങ്കാളികളാകുന്നുണ്ട്.
'തുരങ്കത്തിന്റെ 13 കിലോമീറ്റർ അകലെയാണ് അപകടം സംഭവിച്ചത്. രക്ഷാപ്രവർത്തകർ അവസാന 100 മീറ്റർ എത്തിയെങ്കിലും ചെളിയും വെളളവും കാരണം മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥയാണ്. തുരങ്കത്തിലൂടെ നടക്കാൻ സാധിക്കുന്നില്ല. റബ്ബർ ട്യൂബുകളും മരപ്പലകകളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം ഇപ്പോൾ മുന്നോട്ടുപോകുന്നത്. അതിജീവിക്കാനുളള സാദ്ധ്യത കുറവാണ്. പക്ഷെ ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഒരു ശ്രമവും പാഴാക്കില്ല'- മന്ത്രി കൃഷ്ണ റാവു പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ഉപകരണങ്ങൾ ആവശ്യമാണെന്നാണ് ദൗത്യ സംഘം അറിയിച്ചിരിക്കുന്നത്. തുരങ്കത്തിന്റെ ചുമരുകളിൽ കൂടുതൽ വിളളലുകൾ കണ്ടെത്തിയത് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും ദൗത്യസംഘം വ്യക്തമാക്കി. രക്ഷാപ്രവർത്തനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഇന്നലെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിളിച്ച് സ്ഥിതിഗതികൾ അന്വേഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |