SignIn
Kerala Kaumudi Online
Thursday, 19 February 2026 2.51 AM IST

ശബരിമല സ്വർണക്കൊള്ള; ജുവലറി  ഉടമ  ഗോവര്‍ദ്ധന്‍റെ  ജാമ്യാപേക്ഷ  സുപ്രീം  കോടതി തള്ളി 

Increase Font Size Decrease Font Size Print Page
govardhan

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളക്കേസില്‍ ജുവലറി ഉടമ ഗോവര്‍ദ്ധന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സമയത്ത് ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. കുറ്റപത്രമടക്കമുള്ള കാര്യങ്ങൾ സമർപ്പിച്ചതിനുശേഷം ജാമ്യാപേക്ഷ നൽകാനും കോടതി നിർദേശിച്ചു.

ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ഗോവര്‍ദ്ധന്‍ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും തന്റെ കസ്റ്റഡി ഇനി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഗോവര്‍ദ്ധന്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. താൻ അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും ഇയാൾ ജാമ്യാപേക്ഷയിൽ വാദിച്ചിരുന്നു.

ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം വാങ്ങിയെന്നാരോപിച്ചാണ് കർണാടക ബെല്ലാരിയിലെ ജുവലറി ഉടമയായ ഗോവർദ്ധനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയതിനുശേഷമാണ് സ്വർണം വാങ്ങിയതെന്നാണ് ഗോവർദ്ധന്റെ മൊഴി. ബോധപൂർവം തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ല. ശബരിമലയിലെ ആവശ്യത്തിനെന്ന് പറഞ്ഞതുകൊണ്ടാണ് പണം നൽകിയത്. സുഹൃത്തെന്ന നിലയിലാണ് സ്വർണം വാങ്ങിയതെന്നും ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. പണം നൽകിയതിന്റെ തെളിവുകളും ഇയാൾ അന്വേഷണസംഘത്തിന് നൽകിയിരുന്നു. എന്നാൽ ശബരിമലയിലെ സ്വർണമാണെന്നും ദേവസ്വം സ്വത്താണെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് ഗോവർദ്ധൻ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

TAGS: NEWS 360, NATIONAL, NATIONAL NEWS, SABARIMALA CASE, GOVARDHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY