
മുംബയ്: ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിൽ നിന്നും നടൻ സെയ്‌ഫ് അലി ഖാൻ വീട്ടിലേക്ക് മടങ്ങുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ആറ് കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സെയ്‌ഫ് ഇത്രവേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. എന്നാൽ, മേജർ സർജറി ചെയ്‌തുവെന്ന് പറഞ്ഞ് സെയ്‌ഫ് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും, നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ ഒരാൾക്ക് ദിവസങ്ങൾക്കുള്ളിൽ ഇങ്ങനെ നടക്കാൻ സാധിക്കുമോ എന്നുമാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ചോദിക്കുന്നത്.
കനത്ത പൊലീസ് സുരക്ഷയിലാണ് സെയ്‌ഫ് അലി ഖാൻ ആശുപത്രി വിട്ടത്. മാദ്ധ്യമങ്ങൾക്കും ആരാധകർക്കും നേരെ അദ്ദേഹം കൈവീശി കാണിക്കുകയും ചെയ്‌തു. 54കാരനായ സെയ്‌ഫ് അഞ്ച് ദിവസമായി ആശുപത്രിയിൽ കഴിയുകയായിരുന്നു. ഭാര്യയും നടിയുമായ കരീന കപൂറും അദ്ദേഹത്തിനൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു.
ആശുപത്രിയിൽ വച്ച് അഞ്ച് മണിക്കൂർ നീണ്ട ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയ അദ്ദേഹത്തെ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരുന്നത്. കത്തിയുടെ ഒരു കഷ്‌ണം ശരീരത്തിൽ തുളച്ചിരുന്നു. ഇത് പുറത്തെടുക്കാൻ വേണ്ടിയായിരുന്നു ശസ്‌ത്രക്രിയ. ശരീരത്തിലേറ്റ രണ്ട് മുറിവുകൾ വളരെ ആഴത്തിലുള്ളതായിരുന്നു. നട്ടെല്ലിലെ ദ്രാവകം പൊട്ടിയതായും ഡോക്‌ടർമാർ പറഞ്ഞിരുന്നു. ഇത്രയും ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടായിരുന്ന വ്യക്തി എങ്ങനെ ഇത്ര നിസാരമനായി നടന്നുപോകുന്നു എന്ന കമന്റും വീഡിയോയ്‌ക്ക് താഴെ വന്നിട്ടുണ്ട്.
'ഇത്രയും വേഗത്തിൽ പരിക്കുകൾ ഭേദമാകുമോ?, മേജർ സർജറി കഴിഞ്ഞ ഒരാൾ എങ്ങനെ ഇതുപോലെ നടക്കും, സെയ്‌ഫ് നമ്മളെ പറ്റിച്ചതാണോ? സാധാരണ ഉളുക്ക് പോലും ഭേദമാകാൻ ഒരു മാസമെടുക്കും', തുടങ്ങിയ കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |