
മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലാഷ് മുച്ഛലും തമ്മിലുള്ള വിവാഹം മുടങ്ങിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. സ്മൃതിയുടെ പിതാവിന് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് വിവാഹം മാറ്റിവച്ചതെന്നാണ് പുറത്തുവിട്ട വിവരം. പിന്നാലെ അണുബാധയെത്തുടർന്ന് പലാഷ് മുച്ഛലിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും വിവരമുണ്ട്. എന്നാൽ വിവാഹം മുടങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഏറ്റവും വൈറലായിക്കൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ പേരിലുള്ള ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകളാണ്.
മേരി ഡി കോസ്റ്റയുമായി നടത്തിയ സ്വകാര്യ സംഭാഷണങ്ങളുടെ ചാറ്റ് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്വിമ്മിംഗ് പൂൾ, സ്പാ എന്നിവിടങ്ങളിൽ ഒരുമിച്ച് സമയം ചെലവിടാൻ മേരി ഡി കോസ്റ്റയെ ക്ഷണിക്കുന്നതാണ് ചാറ്റിലുള്ളത്. ഈ ചാറ്റുകൾ പുറത്തുവന്നതാണ് വിവാഹം മുടങ്ങാനുള്ള പ്രധാന കാരണമായി സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്മൃതിയോ പലാഷോ വിശദീകരണം നൽകിയിട്ടില്ല.
ചില എന്റർടെയിൻമെന്റ് മാദ്ധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, മേരി ഡി കോസ്റ്റ ഒരു കൊറിയോഗ്രാഫറാണെന്നാണ് വിവരം. ചില വിവാഹപാർട്ടികളിലെ നൃത്തങ്ങളിൽ ഡി കോസ്റ്റ നേതൃത്വം നൽകാറുണ്ട്. പലാഷുമായുള്ള ചാറ്റുകൾ പുറത്തുവന്നതോടെയാണ് മേരി ഡി കോസ്റ്റ ശ്രദ്ധിക്കപ്പെടുന്നത്. മേരി ഡി കോസ്റ്റയുടെ ചാറ്റ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് സ്മൃതിയുടെ ബന്ധുക്കളിൽ ആരുടെയോ ശ്രദ്ധയിൽപ്പെട്ടെന്നും ഇത് കാരണമാണ് വിവാഹം മുടങ്ങിയതെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിവാഹം മാറ്റിവച്ചതിന് പിന്നാലെ സ്മൃതി വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. സ്മൃതിയുടെ അടുത്ത സുഹൃത്തും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ജമീമ റോഡ്രിഗസ് പങ്കുവച്ച ആഘോഷ വീഡിയോകളും നീക്കം ചെയ്തിട്ടുണ്ട്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അടുത്തിടെ ലോകകപ്പ് ഉയർത്തിയ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വച്ച് പ്രതിശ്രുത വരൻ പലാഷ് മുച്ഛൽ തന്നെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ അടക്കം നീക്കം ചെയ്തവയിൽ പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |