
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവെയുടെ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട ഒന്നായിരുന്നു വന്ദേഭാരത് എക്സ്പ്രസ്. യാത്രയിൽ ആഡംബരംകൂടി ചേർന്നതോടെ ജനങ്ങൾ രണ്ടും കയ്യും നീട്ടി വന്ദേഭാരതിനെ സ്വീകരിച്ചു. ഇക്കഴിഞ്ഞ ജനുവരി 17ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും സർവീസ് നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്ത ട്രെയിൻ മാൾഡ ടൗണിൽ നിന്ന് ഹൗറ ജംഗ്ഷൻ വരെയാണ് സർവീസ് നടത്തിയത്.
വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിച്ചതോടെ ഒട്ടേറെ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വിമാനത്തിലെ ബിസിനസ് ക്ലാസിന്റെ സൗകര്യത്തോടെ ട്രെയിൻ യാത്ര എന്നാണ് പലരും വന്ദേഭാരതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ നെറ്റിസൺസിനെ രോഷം കൊള്ളിച്ചിരിക്കുകയാണ്. ഡസ്റ്റ്ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കമ്പാർട്ടുമെന്റിനുള്ളിൽ ചിതറിക്കിടക്കുന്ന ഒഴിഞ്ഞ കപ്പുകളും ചപ്പുചവറുകളും കാണിക്കുന്ന വീഡിയോയാണ് ഒരു വ്‌ളോഗർ പങ്കുവച്ചത്.
നിങ്ങൾ ഈ കാഴ്ച കാണുന്നില്ലേ എന്ന കുറിപ്പോടെയാണ് വ്‌ളോഗർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 'നിങ്ങൾ പറയൂ, ഇത് ആരുടെ തെറ്റാണ്. സർക്കാരിന്റേതാണോ? അതോ നമ്മുടേതാണോ? ആളുകളുടെ പൗരബോധം നോക്കൂ. പുതുതായി സർവീസ് നടത്തുന്ന ട്രെയിനാണിത്. ആദ്യത്തെ ദിവസമാണ് ഇത് സംഭവിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?' വ്‌ളോഗർ വീഡിയോയിലൂടെ ചോദിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്. 'ഇന്ത്യക്കാർ യഥാർത്ഥ സ്വഭാവം കാണിച്ചുതുടങ്ങി, വെറുതെ അല്ല നമ്മുടെ നാട് നന്നാവാത്തത്'- തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |