നിത്യജീവിതത്തിൽ നമ്മൾ കൂടുതലും ഉപയോഗിക്കുന്ന ചില സാധനങ്ങളാണ് പാലും മുട്ടയും ബ്രെഡുമൊക്കെ. ഇവ വാങ്ങാൻ സൂപ്പർമാർക്കറ്റുകളിലെത്തിയാൽ ആദ്യം തന്നെ കാണണമെന്നില്ല. എപ്പോഴും പാലും മുട്ടയുമൊക്കെ റാക്കുകളിൽ ഏറ്റവും പിറകിലായിരിക്കും ഉണ്ടാകുക. എന്തിനാണ് ഇത്തരത്തിൽ ചെയ്യുന്നതെന്ന് നിങ്ങൾ ഒരു തവണയെങ്കിലും ആലോചിച്ച് നോക്കിയിട്ടുണ്ടോ? അത്യാവശ്യ വസ്തുക്കൾ എന്തിനായിരിക്കും സൂപ്പർമാർക്കറ്റുകളിൽ ഏറ്റവും ഒടുവിൽ നിരത്തിയിരിക്കുന്നത്?
ഇത്തരത്തിൽ ചെയ്യുന്നതിന് പിന്നിൽ ഒരു മാർക്കറ്റിംഗ് തന്ത്രമുണ്ട്. ആധുനിക ജീവിതത്തിൽ സൂപ്പർമാർക്കറ്റുകൾക്ക് വലിയൊരു പങ്കുണ്ട്. ആദ്യകാലങ്ങളിൽ ഒരു വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻ പല കടകൾ കയറിയിറങ്ങി ബുദ്ധിമുട്ടണമായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യം അങ്ങനെയല്ല. ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്ന് പറയുന്നതുപോലെ എല്ലാ സാധനങ്ങളും സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാണ്. പാൽ, മുട്ട, ബ്രെഡ് എന്നിവ ഏറ്റവും പിറകിൽ നിരത്തിയിരിക്കുന്നതിന് രണ്ട് കാരണങ്ങളുണ്ട്.
ആദ്യത്തേത് ഉൽപ്പന്നങ്ങളെ കേടുപാട് കൂടാതെ സൂക്ഷിക്കുന്നതിനാണ്. സൂപ്പർമാർക്കറ്റുകളുടെ ഏറ്റവും ഉൾഭാഗത്ത് ഈ സാധനങ്ങൾ വയ്ക്കുന്നതിലൂടെ ഇവ ഫ്രഷായി സൂക്ഷിക്കാൻ സഹായിക്കും. ഇവ പെട്ടെന്ന് കേടാകുന്ന സാധനങ്ങളാണ്. അതിനാൽത്തന്നെ താപനില കുറഞ്ഞ ഭാഗങ്ങളിലാണ് ഇവ സൂക്ഷിക്കേണ്ടത്. ദി സീക്രട്ട് ലൈഫ് ഒഫ് ഗ്രോസറി സ്റ്റോഴ്സിന്റെ രചയിതാവായ ബെഞ്ചമിൻ ലോർ വിശദീകരിക്കുന്നത് ഇങ്ങനെ, സൂപ്പർമാർക്കറ്റുകളിലെ വായുസഞ്ചാരമാണ് മറ്റൊരു ഘടകം. ഉൽപ്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ വായു സഞ്ചാരം പ്രധാന ഘടകമാണ്. സാധാരണയായി എയർകണ്ടീഷണറുകൾ സൂപ്പർമാർക്കറ്റുകളിൽ ഘടിപ്പിക്കുമ്പോൾ കൂടുതൽ തണുത്ത വായു പിൻഭാഗത്തേക്കാണ് ചലിക്കുന്നത്. ഇത് ഉൽപ്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കും.
മറ്റൊരു ഘടകം എന്നത് സൂപ്പർമാർക്കറ്റുകളിലെ കച്ചവട തന്ത്രങ്ങളാണ്. ആവശ്യസാധനങ്ങൾ വാങ്ങാനെത്തുന്നവരിലേക്ക് കൂടുതൽ ഉൽപ്പന്നങ്ങളുടെ ശ്രദ്ധയെത്തിക്കുന്നതിനാണ് ഇത്തരത്തിൽ ചെയ്യുന്നത്. ഇതോടെ പാലും മുട്ടയും വാങ്ങാനെത്തുന്നവർ കൂടുതൽ സാധനങ്ങൾ വാങ്ങുന്നു, ഉപഭോക്താക്കളുടെ മാനസികശാസ്ത്രം കൂടി മനസിലാക്കിയതിനുശേഷമാണ് സൂപ്പർമാർക്കറ്റ് ജീവനക്കാർ ഇത്തരത്തിൽ ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |