
മുംബയ്: 2026 സീസൺ ഐപിഎൽ പോരാട്ടങ്ങൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഫ്രാഞ്ചൈസികളിൽ ഏറ്റവും ആരാധകരുള്ള മുംബയ് ഇന്ത്യൻസിനെ നയിക്കുന്നത് ഓൾറൗണ്ടർ താരം ഹാർദിക് പാണ്ഡ്യയാണ്. 2023 ഡിസംബറിലാണ് ഏറെനാളായി ടീമിനെ നയിച്ചിരുന്ന രോഹിത്ത് ശർമ്മയെ മാറ്റി ഹാർദികിനെ നായകനാക്കിയത്.
2022ൽ ഗുജറാത്ത് ടൈറ്റൻസിനെ അവരുടെ ആദ്യ ഐപിഎൽ സീസണിൽ കപ്പ് വാങ്ങി നൽകിയയാളായിരുന്നു ഹാർദ്ദിക്. 2023ൽ ടീമിലെത്തിയ ഹാർദിക്കിനെ മുംബയ് ഉടൻ നായകനാക്കിയത് ആരാധകർക്ക് അത്ര ഇഷ്‌ടമായിരുന്നില്ല. ഹാർദികും രോഹിത്തും തമ്മിൽ തർക്കമുണ്ടെന്ന് അന്ന് പ്രചരിച്ചിരുന്നു. 2024ൽ ക്യാപ്‌റ്റനായ ആദ്യ സീസണിൽ ഏറ്റവും ഒടുവിലായിരുന്നു മുംബയുടെ സ്ഥാനം. എന്നാൽ 2025 സീസണിൽ അൽപം മെച്ചപ്പെടുത്തിയെങ്കിലും മുംബയ് പ്ളേയോഫിൽ പുറത്തായി.
ഇതിനിടെ ഈ സീസണിൽ മുംബയിൽ ഹാർദികിനൊപ്പം കളിക്കുന്ന ഇന്ത്യൻ ട്വന്റി20 നായകൻ സൂര്യകുമാർ യാദവിനെ നായകനാക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ കൃഷ്‌ണമചാരി ശ്രീകാന്ത്. തന്റെ യൂട്യൂബ് ചാനലിലാണ് ശ്രീകാന്ത് ഈ ആവശ്യം മുന്നോട്ടുവച്ചത്. മുംബയുടെ നായകസ്ഥാനം അൽപം വിചിത്രമാണെന്നും രണ്ട് ലോകകപ്പ് വിജയികളായ ക്യാപ്റ്റന്മാർ എങ്ങനെ ഹാർദികിന് കീഴിൽ കളിക്കുമെന്നാണ് ശ്രീകാന്തിന്റെ ചോദ്യം. 2026 ട്വന്റി20 ലോകകപ്പ് നേടി സൂര്യകുമാർ യാദവ് ശ്രദ്ധാകേന്ദ്രമായി നിൽക്കുന്ന സമയവുമാണിത്.
"ഫ്രാഞ്ചൈസി ഉടമകളും ടീം മാനേജ്‌മെന്റും ഒപ്പം രോഹിത്ത് ശർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരും ഒത്തുചേരണം. ടീമിൽ ഭാഗ്യമുണ്ടോ എന്നറിയാൻ ഇത്തവണ സൂര്യയോട് നയിക്കാൻ ആവശ്യപ്പെടണം. അവർക്കത് എപ്പോൾ വേണമെങ്കിലും ചെയ്യാം. ഇപ്പോൾ ഉടൻ ചെയ്യണമെന്നില്ല. രസകരമായ ഒരു സാഹചര്യമാണ് ഇപ്പോൾ മുംബയ്‌ക്കുള്ളത്. ഹാർദിക് പാണ്ഡ്യ ഒരു നല്ല ക്യാപ്‌റ്റനാണ്. പക്ഷെ അവർക്കിപ്പോൾ രണ്ട് ലോകകപ്പ് വിജയികളായ ക്യാപ്‌റ്റന്മാർ ഹാർദികിനൊപ്പം കളിക്കുന്നുണ്ട്. ടീമിനുള്ളിലെ ചില കാര്യങ്ങൾ അവർക്ക് ശരിയാക്കേണ്ടതുണ്ട്. പുറമേനിന്ന് നോക്കുമ്പോൾ ക്യാപ്റ്റനാകേണ്ടത് സൂര്യയാണ്. പക്ഷെ ഇത് അവരുടെ ഫ്രാഞ്ചൈസി പോളിസിയാകാം." ശ്രീകാന്ത് പറയുന്നു.
ഹാർദിക് തന്നെ ക്യാപ്റ്റൻസി സൂര്യയ്‌ക്ക് കൈമാറണമെന്നാണ് ശ്രീകാന്തിന്റെ ആവശ്യം. ഇത് ഹാർദിക് തന്നെ മാനേജ്‌മെന്റിനോട് പറഞ്ഞാൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നും ശ്രീകാന്ത് കണക്കുകൂട്ടുന്നു. സൂര്യ മുംബയ് ഇന്ത്യൻസിനെ നയിച്ചാൽ താൻ പിന്തുണയ്‌ക്കുമെന്ന് ബിസിസിഐ മുൻ സെലക്‌ടർ കൂടിയായ ശ്രീകാന്ത് വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |