ഹിസോര്‍: കാഫ നേഷന്‍സ് കപ്പില്‍ ശക്തരായ ഒമാനെ അട്ടിമറിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ വിജയം. നിശ്ചിത സമയവും അധിക സമയവും പിന്നിട്ടപ്പോള്‍ രണ്ട് ടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്യത പാലിച്ചിരുന്നു. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഫിഫ റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ ബഹുദൂരം മുന്നിലുള്ള ടീമാണ് ഒമാന്‍.
ഇന്ത്യ 133ാം സ്ഥാനത്താണെങ്കില്‍ ഒമാന്റെ സ്ഥാനം 79ാമത് ആണ്. മത്സരത്തിലേക്ക് വന്നാല്‍ സ്‌പോട്ട് കിക്കുകളില്‍ ഒമാന്റെ അഞ്ചാമത്തെ കിക്കെടുത്ത ജമീല്‍ അല്‍ യഹ്‌മദിയുടെ ഷോട്ട് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു തടഞ്ഞിട്ടതോടെയാണ് ഇന്ത്യ ജയം പിടിച്ചെടുത്തത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോളൊന്നും നേടിയിരുന്നില്ല.
രണ്ടാം പകുതിയില്‍ 55ാം മിനിറ്റില്‍ ജമീല്‍ അല്‍ യഹ്‌മദിയുടെ ഗോളിലൂടെ ഒമാനാണ് മുന്നിലെത്തിയത്. 80ാം മിനിറ്റില്‍ ഇന്ത്യക്ക് വേണ്ടി പകരക്കാരനായി ഇറങ്ങിയ ഉദാന്ത സിംഗ് സമനില ഗോള്‍ നേടുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഇന്ത്യയ്ക്കായി കിക്കെടുത്ത ലാലിയന്‍സുവാല ചാങ്തെ, രാഹുല്‍ ഭേകെ, മലയാലി താരം ജിതിന്‍ എം.എസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ അന്‍വര്‍ അലിയും ഉദാന്ത സിങ്ങും കിക്കുകള്‍ പാഴാക്കി. ആദ്യത്തെ രണ്ട് കിക്കുകളും അവസാന കിക്കും ഒമാന്‍ പാഴാക്കി.
പുതിയ പരിശീലകന്‍ ഖാലിദ് ജമീലിന് കീഴില്‍ മികച്ച തുടക്കമാണ് ടൂര്‍ണമെന്റിലൂടെ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ശക്തരായ ഇറാനോട് മാത്രമാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ തോല്‍വി അറിഞ്ഞത്. താജികിസ്ഥാന്‍, ഒമാന്‍ എന്നിവരെ പരാജയപ്പെടുത്തുകയും അഫ്ഗാനിസ്ഥാനോട് സമനിലയില്‍ പിരിയുകയുമായിരുന്നു ഇന്ത്യ. നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |