ന്യൂഡൽഹി: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടി സുപ്രീംകോടതി. അതിനാൽതന്നെ സിസിടിവികൾ പ്രവർത്തിപ്പിക്കാനായി ഓട്ടോമാറ്റിക് കൺട്രോൾ റൂമുകളാണ് അഭികാമ്യമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കൺട്രോൾ റൂമുകൾ തുറക്കാൻ നിർദേശം നൽകുന്ന കാര്യം പരിഗണനയിലാണെന്നും കോടതി വ്യക്തമാക്കി.
പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകൾ ഉദ്യോഗസ്ഥർ തന്നെ ഓഫ് ചെയ്യാനുള്ള സാദ്ധ്യതയുള്ളതായി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്നാണ് സിസിടിവികളുടെ പ്രവർത്തനത്തിനായി ഓട്ടോമാറ്റിക് കൺട്രോൾ റൂമുകളാണ് വേണ്ടതെന്ന് സുപ്രീം കോടതി നിർദേശിച്ചത്. സിസിടിവികൾ പ്രവർത്തിക്കുന്നില്ലെങ്കിൽ അക്കാര്യം ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള സാങ്കേതിക സംവിധാനം ഏർപ്പെടുത്തണമെന്നും കോടതി പറഞ്ഞു.
സ്വതന്ത്ര ഏജൻസികൾക്ക് പൊലീസ് സ്റ്റേഷനുകളിൽ പരിശോധന നടത്താൻ അനുമതി നൽകുന്ന കാര്യം പരിഗണനയിലാണെന്നും കോടതി വ്യക്തമാക്കി. പൊലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |