
ന്യൂഡൽഹി: ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത അതൃപ്തിയാണ് സെലക്ഷൻ കമ്മിറ്റിക്കെതിരെ ഉണ്ടായത്. യോഗ്യതയുണ്ടായിട്ടും ടീമിൽ ഇടം നേടാത പോയവർ നിരവധിയാണ്. ഇപ്പോഴിതാ ബിസിസിഐ സെലക്ഷൻ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങളായ എസ് ബദ്രിനാഥും എസ് രമേശും. മികച്ച ഫോമിലുള്ള ഋതുരാജ് ഗെയ്ക്‌വാദിനെ തഴഞ്ഞ് നിതീഷ് കുമാർ റെഡ്ഡിയെ ടീമിലെടുത്തത് എന്തിന്റെ പേരിലാണെന്നാണ് മുൻ താരങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾ. തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
'രവീന്ദ്ര ജഡേജയെയും വാഷിംഗ്ടൺ സുന്ദറിനെയും പോലുള്ള ഓൾറൗണ്ടർമാർ ടീമിലുള്ളപ്പോൾ എന്തിനാണ് നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്തിയതെന്ന് മനസിലാകുന്നില്ല. നിതീഷ് ഓൾറൗണ്ടറാണെന്നാണ് അവർ പറയുന്നത്. എന്നാൽ പന്തുകൊണ്ട് താരം എല്ലാ മത്സരങ്ങളിലും തല്ലുവാങ്ങുകയാണ്. അവസരം ലഭിക്കുമ്പോഴൊക്കെ റൺസ് കണ്ടെത്തുന്ന ഗെയ്‌ക്‌വാദിനെ പുറത്തിരുത്തുന്നത് അംഗീകരിക്കാനാവില്ല. സെലക്ഷനിൽ വ്യക്തമായ അസ്ഥിരതയുണ്ട്'. ബദ്രിനാഥ് ചൂണ്ടിക്കാട്ടി.

മുൻ ഇന്ത്യൻ ഓപ്പണർ എസ് രമേശും സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്. ഇന്ത്യയിൽ നടക്കുന്ന പരമ്പരയ്ക്ക് അഞ്ചാമതൊരു പേസ് ബൗളറുടെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. റായ്പൂരിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം നമ്പറിൽ ഇറങ്ങി 83 പന്തിൽ 105 റൺസ് നേടിയ ഗെയ്ക്‌വാദിന്റെ പ്രകടനം അദ്ദേഹം ഓർമ്മിപ്പിച്ചു. ആഭ്യന്തര ക്രിക്കറ്റിലും ഗെയ്‌ക്‌വാദ് മികച്ച ഫോമിലാണ്. ശ്രേയസ് അയ്യർ ഫിറ്റ്നസ് തെളിയിച്ചാലും ഇല്ലെങ്കിലും ഗെയ്‌ക്‌വാദ് ടീമിൽ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും രമേശ് കൂട്ടിച്ചേർത്തു.
ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിലാണ് നിതീഷ് കുമാർ റെഡ്ഡി ടീമിലെത്തിയത്. എന്നാൽ ഇതുവരെ കളിച്ച രണ്ട് ഏകദിനങ്ങളിൽ നിന്ന് 27 റൺസ് മാത്രമാണ് താരം നേടിയത്. ഒരു വിക്കറ്റ് പോലും വീഴ്ത്താനും താരത്തിനായിട്ടില്ല. നാല് പ്രധാന പേസർമാരുള്ള ടീമിൽ നിതീഷിന് എത്രത്തോളം അവസരം ലഭിക്കുമെന്ന ചോദ്യവും ബാക്കിയാവുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |