ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്ക്. കലാശപ്പോരില്‍ ന്യൂസിലാന്‍ഡിനെ 4 വിക്കറ്റുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. കിവീസ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം 6 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ കഴിഞ്ഞ തവണ ഫൈനലില്‍ കൈവിട്ട കിരീടം തിരിച്ചുപിടിച്ചത്.
252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 76(83) യും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും 31(50) ചേര്‍ന്ന് നല്‍കിയത്. 105 റണ്‍സാണ് ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. രോഹിത് ശര്‍മ്മ പതിവ് ശൈലിയില്‍ ആക്രമിച്ച് കളിച്ചപ്പോള്‍ ഗില്‍ ശ്രദ്ധയോടെ ബാറ്റ് വീശി. കിവീസ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ എറിഞ്ഞ 19ാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്‌സ് പറക്കും ക്യാച്ചിലൂടെ ഗില്ലിനെ പുറത്താക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്.
മൂന്നാമനായി ക്രീസിലെത്തിയ വിരാട് കൊഹ്ലി 1(2)ക്ക് ക്രീസില്‍ അധികനേരം ആയുസുണ്ടായില്ല. മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ പന്തില്‍ കൊഹ്ലി വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പൊടുന്നനെ രണ്ട് വിക്കറ്റുകള്‍ വീണത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ക്ക് ഒപ്പം മറുവശത്ത് രോഹിത്ത് ശ്രദ്ധയോടെ ബാറ്റ് വീശി. എന്നാല്‍ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ രോഹിത് ശര്‍മ്മ രചിന്‍ രവീന്ദ്രയുടെ പന്തില്‍ ടോം ലഥാം സ്റ്റംപ് ചെയ്ത് പുറത്താക്കി. ഏഴ് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്.
രോഹിത് ശര്‍മ്മ പുറത്താകുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ 130 റണ്‍സ് കൂടി വേണമായിരുന്നു. അവിടെ നിന്ന് അക്‌സര്‍ പട്ടേല്‍ - ശ്രേയസ് അയ്യര്‍ സഖ്യം 75 പന്തുകളില്‍ നിന്ന് 61 റണ്‍സ് കൂട്ടുകെട്ടില്‍ ടീമിനെ മുന്നോട്ട് നയിച്ചു. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ശ്രേയസ് അയ്യര്‍ 48(62) പുറത്താകുമ്പോള്‍ ഇന്ത്യക്ക് ജയം വെറും 69 റണ്‍സ് മാത്രം അകലെയായിരുന്നു. അക്‌സറിന് കൂട്ടായി ആറാമനായി ക്രീസിലെത്തിയത് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍.
ടീം സ്‌കോര്‍ 203ല്‍ നില്‍ക്കെ അനാവശ്യ ഷോട്ട് കളിച്ച് അക്‌സര്‍ പട്ടേല്‍ 29(40) പുറത്താകുകയായിരുന്നു. മൈക്കല്‍ ബ്രേസ് വെല്ലിന്റെ പന്തില്‍ വില്‍ ഒറൂക്കിന് ക്യാച്ച് നല്‍കിയാണ് അക്‌സര്‍ മടങ്ങിയത്. അപ്പോഴും ജയത്തിലേക്ക് 49 റണ്‍സിന്റെ ദൂരമുണ്ടായിരുന്നു ഇന്ത്യക്ക്. ജയിക്കാന്‍ വെറും 11 റണ്‍സ് മാത്രം അവശേഷിക്കെ ആറാമനായി ഹാര്‍ദിക് പാണ്ഡ്യ 18(18) പുറത്തായി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഡാരില്‍ മിച്ചല്‍ 63(101), അവസാന ഓവറുകളില്‍ റണ്‍ നിരക്ക് ഉയര്‍ത്തിയ മൈക്കല്‍ ബ്രേസ്വെല്‍ പുറത്താകാതെ 53*(40) എന്നിവരാണ് കിവീസിന് മെച്ചപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അവസാന നാലോവറുകളില്‍ നിന്ന് 40 റണ്‍സാണ് കിവീസ് അടിച്ചെടുത്തത്. ഓപ്പണര്‍മാരായ വില്‍ യംഗ് 15(23), രചിന്‍ രവീന്ദ്ര 37(29) സഖ്യം ഒന്നാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടിച്ചേര്‍ത്ത് നല്ല തുടക്കമാണ് അവര്‍ക്ക് നല്‍കിയത്.
യംഗിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍ എന്നിവരെ പുറത്താക്കി കുല്‍ദീപ് യാദവ് ന്യൂസിലാന്‍ഡ് ഇന്നിംഗ്സിന്റെ വേഗത കുറച്ചു. ആദ്യ പത്ത് ഓവറില്‍ 69 റണ്‍സാണ് ബ്ലാക് ക്യാപ്സ് നേടിയത്. പിന്നീട് ടോം ലഥാം 14(30) ഗ്ലെന്‍ ഫിലിപ്സ് 34(52) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. . ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. പത്ത് ഓവറില്‍ ജഡേജ വെറും 30 റണ്‍സ് മാത്രമാണ് വഴങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |