ഡമാസ്‌കസ്: സിറിയയുടെ തീരദേശ മേഖലയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കടന്നു. അലവൈറ്റ് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട സാധാരണക്കാരാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. വ്യാഴാഴ്ച ലതാകിയ, ടാർട്ടസ് പ്രവിശ്യകളിൽ മുൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ അനുയായികളായ വിമത സംഘവും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് അലവൈറ്റുകൾക്ക് നേരെയുള്ള ആക്രമണത്തിത്തിലേക്ക് കലാശിച്ചത്.
അസദ് അലവൈറ്റ് വിഭാഗത്തിൽപ്പെട്ടതായിരുന്നു. അസദിന്റെ ശക്തി കേന്ദ്രങ്ങളാണ് ലതാകിയയും ടാർട്ടസും. ഷിയ ഇസ്ലാമിന്റെ ശാഖയായ അലവൈറ്റ് വിഭാഗക്കാർ സിറിയയിലെ ജനസംഖ്യയുടെ ഏകദേശം 10 ശതമാനം വരും. സുന്നി ഇസ്ലാമാണ് രാജ്യത്തെ ഭൂരിപക്ഷം.
അസദ് അനുകൂല വിമതർക്കെതിരെ സുരക്ഷാ സേന തുടങ്ങിയ റെയ്ഡിനിടെ സർക്കാർ അനുകൂല ആയുധധാരികളും ജനക്കൂട്ടവും പങ്കാളികളായതോടെ സ്ഥിതിഗതികൾ വഷളായി. അലവൈറ്റുകളെ ആയുധധാരികൾ തേടിപ്പിടിച്ച് കൂട്ടക്കൊല ചെയ്യുന്ന സ്ഥിതിയാണുള്ളതെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ പറയുന്നു. നൂറുകണക്കിന് ആളുകൾ ഇതിനോടകം അയൽരാജ്യമായ ലെബനനിലേക്ക് അടക്കം പലായനം ചെയ്തു. ലതാകിയയിലെ ഹുമൈമിലുള്ള റഷ്യൻ സൈനിക ബേസിലും നിരവധി പേർ അഭയംതേടി.
വിമതരുമായുണ്ടായ ഏറ്റുമുട്ടലിൽ 200ലേറെ അംഗങ്ങൾ കൊല്ലപ്പെട്ടെന്ന് സിറിയൻ സുരക്ഷാ സേന പറയുന്നു. ലതാകിയയിലെ പ്രധാന പവർ സ്റ്റേഷൻ വിമതർ ആക്രമിച്ചതോടെ മേഖലയിലെ വൈദ്യുതി വിതരണം തടസപ്പെട്ടു. ഇന്ധന ഡിപ്പോകളും തകർത്തു.
# സമാധാനം കൈവിടരുത്: ഷറാ
ഇതിനിടെ, സമാധാനവും ഐക്യവും കൈവിടരുതെന്ന് ഇടക്കാല പ്രസിഡന്റ് അഹ്‌മ്മദ് അൽ-ഷറാ ആഹ്വാനം ചെയ്തു. വർഗീയ സംഘർഷങ്ങളിലൂടെ രാജ്യത്തെ കൂടുതൽ അസ്ഥിരമാക്കരുതെന്നും അഭ്യർത്ഥിച്ചു. ലതാകിയ, ജബ്‌ലെ, ബനിയാസ് നഗരങ്ങൾക്ക് ചുറ്റും സംഘർഷത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. എന്നാൽ, പർവ്വത മേഖലകളിൽ ഒളിവിൽ കഴിയുന്ന 5,000ത്തോളം അസദ് അനുകൂല വിമതർക്കായി സുരക്ഷാ സേന തെരച്ചിൽ തുടരുകയാണ്. ഡിസംബറിലാണ് ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ പ്രസിഡന്റ് അസദിനെ പുറത്താക്കി അൽ-ഷറായുടെ തഹ്‌രിർ അൽ-ഷാമിന്റെ (എച്ച്.ടി.എസ്) നേതൃത്വത്തിലെ വിമതസേന ഭരണം പിടിച്ചത്. എച്ച്.ടി.എസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാരും രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |