
ലക്ക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാകുന്നു. സമാജ്‌വാദി പാർട്ടി എംപി പ്രിയ സരോജുമായിട്ടാണ് താരത്തിന്റെ വിവാഹമെന്നാണ് സൂചന. ജൂൺ എട്ടിന് ലഖ്‌നൗവിലെ ഒരു ഹോട്ടലിൽ വെച്ചാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുക. നിലവിൽ മദ്ധ്യനിര ബാറ്ററായ റിങ്കു ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ്. മത്സരത്തിൽ പ്ലേഓഫിലേക്ക് യോഗ്യത നേടാതെയാണ് കൊൽക്കത്ത പുറത്തായത്. 13 മത്സരങ്ങളിൽ നിന്ന് 206 റൺസാണ് ഈ സീസണിൽ റിങ്കുസിംഗ് നേടിയത്.
റിങ്കുവും പ്രിയയും ഒരുവർഷത്തിലേറെയായി അറിയുന്നവരാണ്. ഒരു സുഹൃത്ത് വഴിയാണ് ആദ്യമായി ഇരുവരും പരിചയപ്പെടുന്നത്. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ മുമ്പും സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു.
വാരണാസിയിലെ കാർഗിയാവോൻ സ്വദേശിയായ പ്രിയ സമാജ്‌വാദി പാർട്ടിയുമായി സജീവ സാന്നിദ്ധ്യമായിരുന്നു ഇടപഴകുന്നയാളാണ് പ്രിയ. സുപ്രീം കോടതിയിലെ മുൻ അഭിഭാഷകയായ പ്രിയ, 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പിതാവിനുവേണ്ടി പ്രചാരണം നടത്തുമ്പോഴാണ് ആദ്യമായി ജനശ്രദ്ധ നേടുന്നത്. 2024 ൽ, ജൗൻപൂർ ജില്ലയിലെ മച്ച്‌ലിഷഹർ മണ്ഡലത്തിൽ സമാജ് വാദി പാർട്ടിക്ക് വേണ്ടി മത്സരിച്ചാണ് പ്രിയ എംപിയായത്.
2023 ലെ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തുടർച്ചയായി അഞ്ച് സിക്സറുകൾ പറത്തിയതോടെയാണ് റിങ്കു ദേശീയതലത്തിൽ ശ്രദ്ധേയനാകുന്നത്. അതിനുശേഷമാണ് ഇന്ത്യൻ കുപ്പായത്തിൽ രണ്ട് ഏകദിനങ്ങളിലും 33 ടി20 മത്സരങ്ങളിലും അദ്ദേഹം കളിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്ന് അർദ്ധസെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |