
7.4% ജി.ഡി.പി വളർച്ച പ്രവചിച്ച് കേന്ദ്രം
ആഭ്യന്തര ഉപഭോഗ ഉണർവ് കരുത്താകും
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ മറികടന്ന് നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിൽ(ജി.ഡി.പി) 7.4 ശതമാനം വളർച്ച നേടുമെന്ന് കേന്ദ്ര സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ വളർച്ചയാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. കേന്ദ്ര സ്‌റ്റാറ്റിസ്‌കിസ് ആൻഡ് പ്രോഗ്രാം ഇംപ്ളിമെന്റേഷൻ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് 2024-25 സാമ്പത്തിക വർഷത്തിലെ യഥാർത്ഥ ജി.ഡി.പി വളർച്ച 6.5 ശതമാനവും നടപ്പു സാമ്പത്തിക വർഷത്തിലെ നോമിനൽ ജി.ഡി.പി വളർച്ച എട്ട് ശതമാനവുമാണ്. സേവന മേഖലയാണ് നടപ്പു സാമ്പത്തിക വർഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. തൃതീയ മേഖലയിൽ ധനകാര്യ, റിയൽ എസ്‌റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾ, പബ്ളിക് അഡ്‌മിനിസ്ട്രേഷൻ, പ്രതിരോധം തുടങ്ങിയ മേഖലകൾ 9.9 ശതമാനം വളർച്ച കൈവരിക്കും. വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം, കമ്യൂണിക്കേഷൻ എന്നിവയിലെ പ്രതീക്ഷിക്കുന്ന വളർച്ച 7.5 ശതമാനമാണ്.
ഉപഭോഗത്തിലെ ഉണർവും നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതും കേന്ദ്ര സർക്കാരിന്റെ അനുകൂല നയങ്ങളും സാമ്പത്തിക വളർച്ചയ്ക്ക് ഊർജമായെന്ന് വിലയിരുത്തുന്നു.
സ്ഥിരതയോടെ വ്യാവസായിക ഉത്പാദനം
വ്യാവസായിക, നിർമ്മാണ മേഖലകളിലെ ഉത്പാദനം ഏഴ് ശതമാനത്തിലേക്ക് മെച്ചപ്പെടും. അതേസമയം കാർഷിക അനുബന്ധ മേഖലകളിലെ വളർച്ച 3.1 ശതമാനത്തിലേക്ക് താഴാനിടയുണ്ട്. വൈദ്യുതി, പ്രകൃതി വാതകം, ജല വിതരണം തുടങ്ങിയ മേഖലകളിൽ ഉത്പാദന തളർച്ച ദൃശ്യമായി.
അനുകൂല ഘടകങ്ങൾ
1. ആഭ്യന്തര നിക്ഷേപവും ഉപഭോഗവും ഉയർത്താൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സുസ്ഥിര നടപടികൾ നേട്ടമാകുന്നു
2. സെപ്തംബറിൽ ചരക്ക് സേവന നികുതി ഏകീകരിച്ചതോടെ കൺസ്യൂമർ ഉത്പന്ന, വാഹന ഉപഭോഗത്തിൽ മികച്ച വളർച്ച
3. കഴിഞ്ഞ ബഡ്‌ജറ്റിൽ ആദായ നികുതി ഇളവുകളുടെ പരിധി 12 ലക്ഷമായി ഉയർത്തിയതോടെ വിപണിയിൽ അധിക പണമെത്തുന്നു
4. നാണയപ്പെരുപ്പം താഴ്ന്നതോടെ റിസർവ് ബാങ്ക് മുഖ്യ പലിശ ഒന്നേകാൽ ശതമാനം കുറച്ചതിനാൽ വായ്പാ ആവശ്യം ഉയർന്നു
ആറ് വർഷത്തെ ജി.ഡി.പി വളർച്ച
2020-21 : -7.3 ശതമാനം
2021-22 : 8.7 ശതമാനം
2022-23 : 7 ശതമാനം
2023-24 : 8.2 ശതമാനം
2024-25 : 6.5 ശതമാനം
2025-26(പ്രതീക്ഷിക്കുന്നത്) : 7.4 ശതമാനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |