
മുംബയ്: ട്വന്റി-20 ലോകകപ്പ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ. സൂര്യകുമാർ യാദവ് നയിക്കുന്ന 15 അംഗ ടീമിൽ അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. അഭിഷേക് ശർമ, തിലക് വർമ്മ, ഇഷാൻ കിഷൻ, വരുൺ ചക്രവർത്തി, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, അർഷദീപ് സിംഗ്, ജസ്പ്രിത് ബുംറ എന്നിവരും ഇടം നേടി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തിൽ വൈസ് ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. കഴിഞ്ഞ മത്സരങ്ങളിലെ മോശം പ്രകടനങ്ങളും പരിക്കും വില്ലനായെന്നാണ് കരുതുന്നത്. ന്യൂസിലാൻഡിനെതിരായ പരമ്പരയിലും ഗിൽ ഇടം നേടിയേക്കില്ല. സെയ്ദ് മുഷ്താഖ് ട്രോഫി മത്സരത്തിലെ മികച്ച പ്രകടനമാണ് ഇഷാൻ കിഷനെ തുണച്ചത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, സെലക്ടർ അജിത് അഗാർക്കർ എന്നിവരാണ് വാർത്താസമ്മേളനത്തിൽ ടീമിനെ പ്രഖ്യാപിച്ചത്.
ഇന്നലെ സമാപിച്ച ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയിലേയും സെയ്ദ് മുഷ്താഖ് ട്രോഫിയിലേയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലുമാണ് ടീമിനെ സെലക്ട് ചെയ്തത്. 2026 ഫെബ്രുവരി ഏഴിനാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി ലോകകപ്പ് തുടങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് എയിൽ പാകിസ്ഥാൻ,നമീബിയ,നെതർലാൻഡ്സ്, യു.എസ്.എ എന്നീ ടീമുകൾക്കൊപ്പമാണ് മത്സരിക്കുന്നത്. ഫെബ്രുവരി ഏഴിന് അമേരിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.
ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് ന്യൂസിലാൻഡുമായി അഞ്ച് ട്വന്റി-20കളുടെ പരമ്പരയുണ്ട്. ലോകകപ്പിനായുള്ള ടീമാകും ഈ പരമ്പരയിൽ കളിക്കുക. ട്വന്റി-20 ഫോർമാറ്റിലെ നായകനായി സൂര്യകുമാർ യാദവിന് വലിയ വെല്ലുവിളിയാണ് ഈ ലോകകപ്പ്. കിരീടം നിലനിറുത്താനായില്ലെങ്കിൽ സൂര്യയുടെ ക്യാപ്ടൻസി തെറിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |