
മുംബയ്: സഞ്‌ജു സാംസൺ രണ്ടാം മഹേന്ദ്ര സിംഗ് ധോണിയാണെന്നും രാജസ്ഥാൻ റോയൽസിന്റെ മുഖമാണെന്നും രാജസ്ഥാൻ റോയൽസിന്റെ ഫിറ്റ്‌നസ് ട്രെയിനർ രാജാമണി. ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു രാജാമണി മനസ് തുറന്നത്. സ്വന്തം കാര്യം മാത്രം നോക്കാതെ എല്ലാവരും നന്നാകണമെന്ന് ആഗ്രഹിക്കുന്നയാളാണ് സഞ്‌ജുവെന്നും അദ്ദേഹം പറഞ്ഞു.
രാജാമണിയുടെ വാക്കുകളിലേയ്ക്ക്:
സഞ്‌ജു ക്യാപ‌്റ്റനായും ഞാൻ ട്രെയിനറായും ആദ്യമായി എത്തിയ സമയം രാജസ്ഥാൻ റോയൽസ് മോശം നിലയിലായിരുന്നു. ദുബായിലെ മത്സരത്തിൽ വലിയ തോൽവി നേരിട്ടതിന്റെയന്ന് സഞ്‌ജു വലിയ നിരാശനായിരുന്നു. ഇന്ത്യയിലെ മറ്റേതെങ്കിലും ക്ശബിലേയ്ക്ക് പോകാമെന്ന് ഞാൻ സഞ്‌ജുവിനോട് പറഞ്ഞു. എന്നാൽ എത്രവലിയ ടീമിലേയ്ക്കും പോകാം, പക്ഷേ രാജസ്ഥാൻ ടീമിനെ വമ്പൻ ടീമാക്കണമെന്നായിരുന്നു സഞ്‌ജുവിന്റെ മറുപടി.
ആർ അശ്വിൻ, യുസ്‍വേന്ദ്ര ചാഹൽ, പ്രസിദ്ധ് കൃഷ്ണ എന്നിവരെയെല്ലാം ടീമിലെത്തിക്കണമെന്ന് സഞ്ജു എന്നോട് അന്ന് പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം രണ്ടാം മഹേന്ദ്ര സിങ് ധോണി സഞ്ജുവാണ്. ഞാന്‍ വെസ്റ്റിൻഡീസിൽനിന്ന് വന്നപ്പോൾ പരിശീലനത്തിനായി സഞ്ജു വിളിച്ചിരുന്നു. ഹോട്ടലിലേയ്ക്ക് എന്റെ ഭാര്യയ്ക്കും മകനും സ്യൂട്ട് റൂം ബുക്ക് ചെയ്തു നൽകിയത് സഞ്ജുവാണ്. അതിന്റെ വാടക മാത്രം 45,000 രൂപയായിരുന്നു.
രാജസ്ഥാൻ റോയൽസ് വാഹനം തന്നിട്ടുണ്ടെങ്കിലും, വേറെ വാഹനം സഞ്ജു മുൻകൈയെടുത്ത് നൽകി. താൻ മാത്രം നന്നാകണമെന്ന് ഒരിക്കലും സഞ്ജു ആഗ്രഹിക്കില്ല. സ്വന്തം കാര്യം മാത്രം നോക്കുന്നയാളല്ല. കൂടെയുള്ള എല്ലാവരും നന്നാകണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം സഞ്ജുവാണ്. സഞ്ജുവിന് ലഭിക്കുന്ന 15 കോടിയിൽ രണ്ടു കോടി യുവ താരങ്ങളുടെ പരിശീലനത്തിനായി ഞങ്ങളുടെ കമ്പനിക്കു തന്നെ തിരിച്ചുതരും.
ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ രാജസ്ഥാൻ താരങ്ങൾ അവിടെയുണ്ടെങ്കിൽ അവരുടെ ബില്ല് കൂടെ സഞ്‌ജു കൊടുത്തിട്ട് ഒന്നും മിണ്ടാതെ പോകും. അതാണ് സഞ്‌ജുവിന്റെ ക്വാളിറ്റി. വളരെ കഠിനാധ്വാനിയായ ക്രിക്കറ്റാണ്. സഞ്‌ജുവിന് ഇന്ത്യൻ ടീം, ഐ പി എൽ ടീം എന്നിങ്ങനെയില്ല. ഉടൻ തന്നെ ഇന്ത്യൻ ടീമിൽ പ്രധാന സ്ഥാനത്ത് സഞ്‌ജുവുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |