തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിലും ഇന്ത്യക്ക് ജയം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യന്‍ വനിതകള്‍ 13.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗ് ഫോം തുടരുന്ന ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ പ്രകടനമാണ് ഇന്ത്യക്ക് ജയം എളുപ്പമാക്കിയത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 3-0ന് മുന്നിലെത്തി.
വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി മിന്നല്‍ തുടക്കമാണ് ഷഫാലി വര്‍മ്മ നല്‍കിയത്. 42 പന്തുകളില്‍ നിന്ന് 11 ബൗണ്ടറിയും മൂന്ന് സിക്‌സറുകളുമാണ് യുവതാരത്തിന്റെ ബാറ്റില്‍ നിന്ന് തിരുവനന്തപുരത്തെ മൈതാനത്ത് പിറന്നത്. 79 റണ്‍സ് നേടി താരം പുറത്താകാതെ നില്‍ക്കുകയും ചെയ്തു. ഓപ്പണര്‍ സ്മൃതി മന്ദാന 1(6), ജമീമ റോഡ്രിഗ്‌സ് 9(15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 21*(18) റണ്‍സ് നേടി പുറത്താകാതെ നിന്നു. കവീഷ ദില്‍ഹരിയാണ് ശ്രീലങ്കയ്ക്ക് വേണ്ടി രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ രേണുക സിംഗ് ഠാക്കൂര്‍ ആണ് ബൗളിംഗില്‍ തിളങ്ങിയത്. ദീപ്തി ശര്‍മ്മയ്ക്ക് മൂന്ന് വിക്കറ്റുകള്‍ ലഭിച്ചു. 18 പന്തുകളില്‍ നിന്ന് 25 റണ്‍സ് നേടിയ ഓപ്പണര്‍ ഹാസിനി പെരേര, ഇമേഷ ദുലാനി 27(32), കവീഷ ദില്‍ഹരി 20(13), കൗഷിന് നുത്യാങ്കണ 19*(16) എന്നിവരാണ് യാണ് ലങ്കന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ 28,30 തീയതികളില്‍ ഇതേ ഗ്രൗണ്ടില്‍ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |