ബംഗളൂരു: ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ തോറ്റ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സൂപ്പർ താരം വിരാട് കൊഹ്ലിക്ക് പിഴ ശിക്ഷയും. ചെന്നൈ താരം ശിവം ദുബെയുടെ വിക്കറ്റ് വീണപ്പോൾ വിരാട് അമിതാവേശത്തോടെ ആഘോഷ പ്രകടനം നടത്തിയതിനാണ് മാച്ച് ഫീയുടെ 10 ശതമാനം പിഴയിട്ടിരിക്കുന്നത്.
മത്സരത്തിൽ എട്ട് റൺസിനാണ് ചെന്നൈ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഡെവോൺ കോൺവെ (83), ശിവം ദുബെ (52), അജിങ്ക്യ രഹാനെ (37) എന്നിവരുടെ മികവിൽ 226/6 എന്ന സ്കോർ ഉയർത്തിയിരുന്നു. ക്യാപ്ടൻ ഫാഫ് ഡുപ്ലെസി (62), ഗ്ലെൻ മാക്സ്വെൽ (76) എന്നിവരിലൂടെ ആർ.സി.ബി തിരിച്ചടിച്ചെങ്കിലും ഇരുവരും പുറത്തായതോടെ കളി കൈവിടുകയായിരുന്നു. വിരാടിനും (6) തിളങ്ങാനായില്ല.
അതേസമയം ഏപ്രിൽ 15-ന് നടന്ന ഡൽഹിക്കെതിരായ മത്സരത്തിനിടെ ബൗണ്ടറിലൈനിനടുത്തുനിന്ന് ഗാലറിയിലിരുന്ന സൗരവ് ഗാംഗുലിയെ തറപ്പിച്ച് നോക്കുന്ന വിരാടിന്റെ വീഡിയോ വൈറലായിരുന്നു. മത്സരം ശേഷം ഇരുടീമുകളിലെയും അംഗങ്ങൾ ഹസ്തദാനം ചെയ്യുന്ന സമയത്ത് വിരാടുമായി ഹസ്തദാനം ഒഴിവാക്കാൻ ഗാംഗുലി ക്യൂവിൽ നിന്ന് മാറിപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന്ശേഷം വിരാട് ഇൻസ്റ്റാഗ്രാമിൽ ഗാംഗുലിയെ അൺഫോളോ ചെയ്തതും ചർച്ചയായി. ബി.സി.സി.ഐ പ്രസിഡന്റായി ഗാംഗുലി ഇരുന്ന സമയത്ത് ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നാണ് വിരാടിന് ഇന്ത്യൻ ക്യാപ്ടൻസി ഒഴിയേണ്ടിവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |