ആഴ്സനലിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ഒന്നാമത്
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ കിരീടക്കുടമാറ്റത്തിന് വഴിതെളിച്ച് മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ നടന്ന മത്സരത്തിൽ ഫുൾഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത സിറ്റി പോയിന്റ് പട്ടികയിൽ ആഴ്സനലിനെ മറികടന്ന് ഒന്നാമതെത്തി.
ഫുൾഹാമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ മൂന്നാം മിനിട്ടിൽത്തന്നെ പെനാൽറ്റിയിലൂടെ വലകുലുക്കി എർലിംഗ് ഹാലാൻഡ് സിറ്റിയെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ 15-ാം മിനിട്ടിൽ കാർലോസ് വിനീഷ്യസിലൂടെ ഫുൾഹാം തിരിച്ചടിച്ചു. 36-ാം മിനിട്ടിൽ അർജന്റീനാ താരം ജൂലിയൻ ൽഅവാരസിന്റെ ഗോളിലൂടെയാണ് സിറ്റി വിജയം കുറിച്ചത്.
ഈ വിജയത്തോടെ 32 മത്സരങ്ങളിൽ നിന്ന് 76 പോയിന്റായ മാഞ്ചസ്റ്റർ സിറ്റി 33 മത്സരങ്ങളിൽ നിന്ന് 75 പോയിന്റുള്ള ആഴ്സനലിനെ പിന്നിലാക്കുകയായിരുന്നു. ഇപ്പോഴും ആഴ്സനലിനെക്കാൾ ഒരു കളി കുറച്ചുമാത്രമാണ് സിറ്റി കളിച്ചിരിക്കുന്നത് എന്നതിനാൽ കിരീടത്തിലേക്ക് എത്തുകയെന്നത് ആഴ്നസനലിന് പ്രയാസമാകും. ഇന്നലെ നടന്ന മറ്റൊു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0ത്തിന് ആസ്റ്റൺ വില്ലയെ തോൽപ്പിച്ചു. 39-ാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസാണ് യുണൈറ്റഡിന്റെ വിജയഗോളടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |