വമ്പന്മാരുടെ ഗോളടിമേളവുമായി യുവേഫ ചാമ്പ്യൻസ് ലീഗിന് തുടക്കം
മ്യൂണിക്ക്\മാഡ്രിഡ് : പുതിയ ഫോർമാറ്റിലേക്ക് മാറിയ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ റൗണ്ട് മത്സരങ്ങളിൽ ഗോളടി മേളവുമായി വമ്പൻ ക്ളബുകൾ. മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് രണ്ടിനെതിരെ ഒമ്പതു ഗോളുകളാണ് ക്രൊയേഷ്യൻ ക്ളബ് ഡൈനമോ സാഗ്രബിന്റെ വലയിലേക്ക് അടിച്ചുകയറ്റിയത്. നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജർമ്മൻ ക്ളബ് വി.എഫ്.ബി സ്റ്റുട്ട്ഗർട്ടിനെയും ഇറ്റാലിയൻ ക്ളബ് യുവന്റസ് ഇതേ മാർജിനിൽ ഡച്ച് ക്ളബ് പി.എസ്.വി ഐന്തോവനേയും തോൽപ്പിച്ചു.
മറ്റൊരു വാശിയേറിയ പോരാട്ടത്തിൽ ഇംഗ്ളീഷ് ക്ളബ് ലിവർപൂൾ ഇറ്റാലിയൻ ക്ളബ് എ.സി മിലാനെ കീഴടക്കിയതും 3-1 എന്ന മാർജിനിലാണ്. ഇംഗ്ളീഷ് ക്ളബ് ആസ്റ്റൺ വില്ല മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് സ്വിസ് ക്ളബ് യംഗ് ബോയ്സിനെയും പോർച്ചുഗീസ് ക്ളബ് സ്പോർട്ടിംഗ് സി.പി മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് ഫ്രഞ്ച് ക്ളബ് ലിലെയെയും തോൽപ്പിച്ചു.
ഡൈനമോയ്ക്ക് എതിരെ നാലു ഗോളുകൾ നേടിയ ബയേണിന്റെ ഇംഗ്ളീഷ് സൂപ്പർ സ്ട്രൈക്കർ ഹാരി കേയ്നാണ് മേളപ്രമാണിയായി മാറിയത്. പെനാൽറ്റികളിൽ നിന്നായിരുന്നു കേയ്നിന്റെ മൂന്നുഗോളുകളും.19,73,78 മിനിട്ടുകളിലായിരുന്നു പെനാൽറ്റി ഗോളുകൾ. 57-ാംമിനിട്ടിൽ കിമ്മിഷിന്റെ ഒരു ഷോട്ട് റീബൗണ്ട് ചെയ്‌തത് പിടിച്ചെടുത്തും ഒരു ഗോൾ നേടി. ആദ്യ പകുതിയിൽ 3-0ത്തിന് മുന്നിലായിരുന്ന ബയേണിനെതിരെ ഡൈനമോ രണ്ടാം പകുതിയുടെ തുടക്കത്തിൽ രണ്ട് ഗോളുകളടിച്ചെങ്കിലും ആറെണ്ണംകൂടി ഏറ്റുവാങ്ങാനായിരുന്നു വിധി. ബയേണിന് വേണ്ടി മൈക്കേൽ ഒലൈസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ റാഫേൽ ഗ്വിറേറോ,ലിറോയ് സാനേ,ലിയൺ ഗൊരേസ്ക എന്നിവർ ഓരോ ഗോൾവീതം നേടി.
റയലിന്റെ കുപ്പായത്തിൽ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിനിറങ്ങിയ സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഗോളോടെയാണ് റയൽ മാഡ്രിഡ് സ്റ്റുട്ട്ഗർട്ടിനെതിരെ തുടങ്ങിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ ആദ്യ മിനിട്ടിലായിരുന്നു എംബാപ്പെയുടെ ഗോൾ.68-ാം മിനിട്ടിൽ ഡെനിസ് ഉൻഡാവ് സമനില പിടിച്ചെങ്കിലും 83-ാം മിനിട്ടിൽ റൂഡിഗറും 90+5-ാം മിനിട്ടിൽ എൻഡ്രിക്കും നേടിയ ഗോളുകൾ റയലിന് വിജയത്തുടക്കം നൽകി.
മൂന്നാം മിനിട്ടിൽ ക്രിസ്റ്റ്യൻ പുലിസിച്ചിലൂടെ മുന്നിലെത്തിയിരുന്ന എ.സി മിലാനെ 23-ാം മിനിട്ടിൽ ഇബ്രാഹിമ കൊനാറ്റേ,41-ാം മിനിട്ടിൽ വിർജിൽ വാൻഡിക്ക്,67-ാം മിനിട്ടിൽ ഡൊമിനിക് സ്ബോസൊലായ് എന്നിവർ നേടിയ ഗോളുകൾക്കാണ് ലിവർപൂൾ കീഴടക്കിയത്. കെനാൻ യിൽദിസ്, വെസ്റ്റൺ മക്‌കെന്നി,നിക്കോളാസ് ഗോൺസാലസ് എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു പി.എസ്.വിക്ക് എതിരെ യുവന്റസിന്റെ ജയം.
9
ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽ ഒൻപത് ഗോളുകൾ നേടുന്ന ആദ്യ ടീമാണ് ബയേൺ മ്യൂണിക്ക്.
4
ആഴ്സനലിന്റെ അലൻ സ്മിത്ത്1991ൽ എഫ്.കെ ആസ്ട്രിയയ്ക്ക് എതിരെ എതിരെ നാലു ഗോളടിച്ച ശേഷം ഒരു മത്സരത്തിൽ നാലുഗോളുകൾ നേടുന്ന ആദ്യ ഇംഗ്ളീഷ് താരമാണ് ഹാരി കേയ്ൻ.
3
ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽ മൂന്ന് പെനാൽറ്റി ഗോളുകൾ നേടുന്ന ആദ്യ താരവും ഹാരി കേയ്ൻ തന്നെ.
33
ഗോളുകളുമായി ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഇംഗ്ളീഷ് താരമായി ഹാരി കേയ്ൻ റെക്കാഡ് സൃഷ്ടിച്ചു. തകർത്തത് വെയ്ൻ റൂണിയുടെ (30) റെക്കാഡ്.
19,33,38,57,61,77,78,85,90+2 മിനിട്ടുകളിലായിരുന്നു ബയേണിന്റെ സ്കോറിംഗ്.
19,57,77,78 മിനിട്ടുകളിൽ ഹാരി കേയ്ൻ.
33-ാം മിനിട്ടിൽ റാഫേൽ ഗ്വിറേറോ
38, 61 മിനിട്ടുകളിൽ ഒലൈസ്
85-ാം മിനിട്ടിൽ ലെറോയ് സാനേ
90+2-ാം മിനിട്ടിൽ ലിയൺ ഗൊരേസ്ക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |