രഞ്ജി ട്രോഫി പ്രാഥമിക റൗണ്ടിലെ അവസാന മത്സരങ്ങൾക്ക് ഇന്ന് തുടക്കം
കേരളം ഇന്ന് ഗ്രീൻഫീൽഡിൽ ബിഹാറിനെതിരെ, തോൽക്കാതിരുന്നാൽ ക്വാർട്ടറിൽ
മുൻ ചാമ്പ്യന്മാരായ കർണാടകയ്ക്ക് ഹരിയാനയ്ക്ക് എതിരെ നിർണായക മത്സരം
തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് കേരളവും ബിഹാറും തമ്മിലുള്ള രഞ്ജി ട്രോഫി പ്രാഥമിക ഗ്രൂപ്പിലെ അവസാന മത്സരത്തിന് അരങ്ങൊരുങ്ങുമ്പോൾ ചങ്കുപിടയ്ക്കുന്നത് മുൻ ചാമ്പ്യന്മാരായ കർണാടകയ്ക്കാണ്. കർണാടക ഇന്ന് സ്വന്തം നാട്ടിൽ ഹരിയാനയെ നേരിടുന്നുണ്ട്. ഈ മത്സരത്തിൽ ബോണസ് പോയിന്റോടെ ജയിച്ചാൽ പോലും ക്വാർട്ടറിലേക്ക് എത്തണമെങ്കിൽ കേരളവും ബിഹാറും തമ്മിലുള്ള മത്സരത്തിന്റെ വിധി അറിഞ്ഞേ പറ്റൂ എന്ന സ്ഥിതിയിലാണ് കർണാടക.
ഗ്രൂപ്പ് സിയിലെ സ്ഥിതി ഇങ്ങനെ
ആറുമത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്നുവീതം ജയവും സമനിലകളുമായി 26 പോയിന്റുള്ള ഹരിയാനയാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്. രണ്ട് വിജയവും നാലു സമനിലകളുമുള്ള കേരളം 21 പോയിന്റുമായി രണ്ടാമത്. 19 പോയിന്റുമായി കർണാടകം മൂന്നാമത്.
ഒരു ഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകൾക്ക് മാത്രമാണ് ക്വാർട്ടറിലേക്ക് പ്രവേശനം. അതിനാൽ അവസാന മത്സരത്തിൽ വിജയം ഈ മൂന്ന് ടീമുകൾക്കും നിർണായകമാണ്. കേരളത്തിന് ബിഹാറാണ് എതിരാളികൾ. അതേസമയം കർണാടക നേരിടേണ്ടത് ഹരിയാനയേയും.
ഇന്നിംഗ്സിനോ 10 വിക്കറ്റിനോ ജയിച്ചാൽ ബോണസ് ഉൾപ്പടെ ഏഴു പോയിന്റ് . വിജയം നേടിയാൽ ആറുപോയിന്റ് . ഒന്നാം ഇന്നിംഗ്സ് ലീഡോടെ സമനിലയായാൽ മൂന്ന് പോയിന്റ്. ലീഡില്ലാതെ സമനിലയായാൽ ഒരു പോയിന്റ് എന്നതാണ് രഞ്ജിയിലെ പോയിന്റ് ഘടന.
ബിഹാറിനെ തോൽപ്പിക്കാൻ കഴിഞ്ഞാൽ കേരളത്തിന് ക്വാർട്ടർ ഉറപ്പ്. ലീഡോടെ സമനിലയായാലും ഹരിയാനയെ കർണാടക ബോണസോടെ തോൽപ്പിക്കുകയാണെങ്കിൽ കേരളം പുറത്താകും. ബിഹാറിനോട് ലീഡില്ലാതെ സമനില ആയാലും ഹരിയാന - കർണാടക മത്സരവിധി നിർണായകമാകും.
സാദ്ധ്യത കേരളത്തിന്
ബിഹാറിന് എതിരായ മത്സരത്തിൽ സാദ്ധ്യത കേരളത്തിനാണ്. ബിഹാർ ഇതുവരെ കളിച്ച ആറിൽ അഞ്ച് കളികളും തോറ്റവരാണ്. ഒന്ന് മഴകാരണമാണ് സമനിലയിലായത്. കഴിഞ്ഞ മത്സരത്തിൽ മദ്ധ്യപ്രദേശുമായി ലീഡോടെ സമനില നേടിയ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഇന്നും മത്സരം നടക്കുന്നത്.
കേരള ടീം : സച്ചിൻ ബേബി ( ക്യാപ്ടൻ), റോഹൻ. എസ് കുന്നുമ്മൽ, വിഷ്ണു വിനോദ്,ബാബ അപരാജിത്, അക്ഷയ് ചന്ദ്രൻ, മുഹമ്മദ് അസറുദീൻ, സൽമാൻ നിസാർ, ആദിത്യ സർവതെ, ഷോൺ റോജർ, ജലജ് സക്സേന, ബേസിൽ തമ്പി, നിധീഷ് എം.ടി, ബേസിൽ എൻ.പി, ഷറഫുദീൻ എൻ.എം, ശ്രീഹരി എസ്.നായർ.
രാഹുൽ കർണാടക ടീമിൽ
ഇന്ന് ഹരിയാനയ്ക്ക് എതിരെ നിർണായക മത്സരത്തിന് ഇറങ്ങുന്ന കർണാടക ടീമിൽ ഇന്ത്യൻ താരം കെ.എൽ രാഹുലുമുണ്ടാകും.
മുംബയ് പുറത്താകുമോ ?
ഇന്ന് ഗ്രൂപ്പ് എയിൽ ദുർബലരായ മേഘാലയയ്ക്കെതിരെ ഇറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ മുംബയ് ബോണസ് പോയിന്റോടെ ജയിച്ചാലും ക്വാർട്ടർ കടക്കാതെ പുറത്തായേക്കും. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ജമ്മു കാശ്മീർ(29 പോയിന്റ് ) രണ്ടാമതുള്ള ബറോഡ(27)യ്ക്കെതിരെ സമനിലയിലായാൽ പോലും മൂന്നാമതുള്ള മുംബയ് (22) പുറത്താകും.
വിരാട് ഡൽഹി ടീമിൽ
2012ന് ശേഷം ആദ്യമായി സൂപ്പർ താരം വിരാട് കൊഹ്‌ലി ഇന്ന് രഞ്ജി ട്രോഫിയിൽ ഇറങ്ങും. റെയിൽവേയ്സിന് എതിരായ മത്സരത്തിൽ ഡൽഹിക്ക് വേണ്ടിയാണ് വിരാട് ഇറങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |