നാഗപൂർ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ നാഗ്പൂരിൽ നടക്കും. ഏകദിന ഫോർമാറ്റിൽ ഈ മാസം 19ന് തുടങ്ങുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് മുന്നൊരുക്കമാണ് ഇരുടീമിനും മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ഈ ഏകദിന പരമ്പര. വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഉച്ചതിരഞ്ഞ് 1.30 മുതലാണ് മത്സരം. ഏകദിന പരമ്പരയ്ക്ക് മുമ്പ് ഇരുടീമും ഏറ്റുമുട്ടിയ ട്വന്റി-20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. സൂപ്പർ പേസർ ജസ്പ്രീത് ബുംറയെ ആദ്യ രണ്ട് മത്സരങ്ങൾക്ക് ഉൾപ്പെടുത്തിയിട്ടില്ല. ബംഗളൂരുവിൽ നടത്തുന്ന സ്കാനിംഗിന്റെ റിപ്പോർട്ട് അനുസരിച്ച് മാത്രമേ ബുംറയ്ക്ക് ഈ പരമ്പരയിലും ചാമ്പ്യൻസ് ട്രോഫിയിലും കളിക്കാനാകുമോയെന്ന് വ്യക്തമാകൂ.
വരുൺ ടീമിൽ
ട്വന്റി-20 പരമ്പരയിൽ 5 വിക്കറ്റ് നേട്ടമുൾപ്പെടെ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം കാഴ്ചവച്ച് സ്പിന്നർ വരുൺ ചക്രവർത്തിയെ ഏകദിന പരമ്പരയിലും ഉൾപ്പെടുത്തി.
കേരളത്തിന് സമനില
ബംഗളൂരു : സി കെ നായിഡു ട്രോഫിയിൽ കേരളവും കർണാടകയും തമ്മിൽ നടന്ന മത്സരം സമനിലയിൽ അവസാനിച്ചു. അവസാന ദിനമായ ഇന്നലെ 383 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ കർണാടക നാല് വിക്കറ്റിന് 241 റൺസെടുത്ത് നിൽക്കെ മത്സരം അവസാനിക്കുകയായിരുന്നു. നേരത്തെ കേരളം രണ്ടാം ഇന്നിങ്സ് എട്ട് വിക്കറ്റിന് 395 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.
ഏഴ് വിക്കറ്റിന് 341 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളം 54 റൺസ് കൂടി കൂട്ടിച്ചേർത്തു. കിരൺ സാഗറും എം യു ഹരികൃഷ്ണണനും ചേർന്നുള്ള കൂട്ടുകെട്ടിൽ 104 റൺസാണ് പിറന്നത്. 88 പന്തുകളിൽ മൂന്ന് ഫോറും നാല് സിക്സുമടക്കം 91 റൺസ് നേടിയ കിരൺ സാഗറുടെ പ്രകടനമാണ് കൂടുതൽ ശ്രദ്ധേയമായത്. കിരൺ പുറത്തായതോടെ കേരളം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഹരികൃഷ്ണൻ 31 റൺസുമായി പുറത്താകാതെ നിന്നു. കർണ്ണാടകയ്ക്ക് വേണ്ടി ശശികുമാർ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കർണ്ണാടകയ്ക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നല്കിയത്. പ്രഖർ ചതുർവേദിയും മക്നീലും ചേർന്ന് 90 റൺസ് കൂട്ടിച്ചേർത്തു. പ്രഖർ ചതുർവേദി 54 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ ഹർഷിൽ ധർമാനി 31ഉം ക്യാപ്റ്റ്ൻ അനീശ്വർ ഗൌതം 26ഉം റൺസെടുത്ത് പുറത്തായെങ്കിലും മറുവശത്ത് ഉറച്ച് നിന്ന മക്നീൽ സെഞ്ച്വറി പൂർത്തിയാക്കി. കളി നിർത്തുമ്പോൾ മക്നീൽ 103ഉം കൃതിക് ശർമ്മ എട്ട് റൺസുമായി പുറത്താവാതെ നില്ക്കുകയായിരുന്നു. കേരളത്തിന് വേണ്ടി ഹരികൃഷ്ണനും കിരൺ സാഗറും അഹ്മദ് ഇമ്രാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മല്സരത്തിൽ നിന്ന് കേരളത്തിന് എട്ടും കർണ്ണാടകയ്ക്ക് പത്തും പോയിൻ്റുകൾ ലഭിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |