അമരാവതി: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതിയ ഇന്ത്യൻ താരം ഗുകേഷ് ദൊമ്മരാജു തിരുപ്പതി തിരുമല ക്ഷേത്രത്തിലെത്തി തല മൊട്ടയടിച്ചു. മാതാപിതാക്കളോടൊപ്പമാണ് അദ്ദേഹം കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തിലെത്തിയത്. ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഗുകേഷിന്റെ ചിത്രം പുറത്തുവന്നത്. ചെറുപ്രായത്തിൽ തന്നെ കരിയറിൽ വൻ നേട്ടം കൈവരിച്ച ഗുകേഷ് ആത്മീയതയ്‌ക്ക് പ്രാധാന്യം നൽകുന്നതിൽ സന്തോഷമുണ്ടെന്നാണ് പലരും കമന്റിട്ടിരിക്കുന്നത്. നേർച്ചയുടെ ഭാഗമായാകും തല മൊട്ടയടിച്ചതെന്നും പലരും കുറിച്ചു.
ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയതോടെ ഗുകേഷിനെ കുറിച്ചുള്ള വാർത്തകൾ ശ്രദ്ധനേടിയിരുന്നു. സിംഗപ്പൂരിൽ നടന്ന കിരീടപോരാട്ടത്തിൽ ചൈനയുടെ ഡിങ്ങ് ലിറനെ ഗുകേഷ് പരാജയപ്പെടുത്തി. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ പുതിയ റാങ്ക് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഗുകേഷ്. ഫാബിയനോ കരുവാന, ഇന്ത്യൻ താരം അർജുൻ എരിഗേയ്‌സി എന്നിവരെ മറികടന്നാണ് ഗുകേഷ് മൂന്നാം റാങ്കിലെത്തിയത്.
'എനിക്ക് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. 2025ൽ പ്രധാനപ്പെട്ട ഒരുപാട് ടൂർണമെന്റുകളുണ്ട്. അതിനാൽ, ഞാനതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എല്ലാ ഫോർമാറ്റിലും മെച്ചപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ദൈവാനുഗ്രഹത്തോടെ എല്ലാം നല്ലതായി നടക്കുമെന്നാണ് പ്രതീക്ഷ', ഗുകേഷ് അടുത്തിടെ പറഞ്ഞ വാക്കുകളാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |