തിരുവനന്തപുരം : സംസ്ഥാന വെയ്റ്റ്‌ലിഫ്ടിംഗ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് ആദ്യമായൊരു വനിതയെത്തി. മുൻ ദേശീയ വെയ്‌റ്റ്ലിഫ്ടിംഗ് താരവും പരിശീലകയുമായ ചിത്ര ചന്ദ്രമോഹനാണ് കഴിഞ്ഞ ദിവസം കേരള സ്റ്റേറ്റ് വെയ്‌റ്റ്ലിഫ്റ്റിംഗ് അസോസിയേഷന്റെ സെക്രട്ടറി പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള 47 കായിക അസോസിയേഷനുകളിൽ വെറും രണ്ടെണ്ണത്തിന് മാത്രമാണ് വനിതാ സെക്രട്ടറിമാരുള്ളത്. കനോയിംഗ് കയാക്കിംഗ് സെക്രട്ടറി എസ്.ബീനയാണ് കായിക അസോസിയേഷൻ നേതൃത്വത്തിലുള്ള മറ്റൊരു വനിത.
ദേശീയ ചാമ്പ്യൻഷിപ്പുകളിലും ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പുകളിലും നിരവധി മെഡലുകൾ നേടിയിട്ടുള്ള ചിത്ര ആറ് വർഷത്തോളം സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയിൽ കോച്ചായി ജോലി നോക്കിയശേഷമാണ് സംസ്ഥാന സ്പോർട്സ് കൗൺസിലിലേക്ക് കോച്ചായെത്തിയത്. പത്തുവർഷത്തോളമായി തൃശൂരിലാണ് പരിശീലനം നൽകുന്നത്. അടുത്തിടെ ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ വെയ്‌റ്റ് ലിഫ്റ്റിംഗിൽ സ്വർണം നേടിയ സുഫ്ന ചിത്രയുടെ ശിഷ്യയാണ്.
തൃശൂർ കുരിയച്ചിറ സ്വദേശിനിയാണ് ചിത്ര. മുൻ ബാഡ്മിന്റൺ താരവും റിസർവ് ബാങ്ക് ഉദ്യോഗസ്ഥനുമായ മധുവാണ് ഭർത്താവ്. 11കാരൻ അനന്തനാരായണൻ, ഏഴുവയസുള്ള ആദി നാരായണൻ,മൂന്നുവയസുകാരി വാണി ഗൗരി എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |