കായികാദ്ധ്യാപകരുടെ നിസഹകരണ സമരം ഉപജില്ലാ കായികമേളകളിൽ കല്ലുകടിയാവുന്നു
തിരുവനന്തപുരം : ആവശ്യത്തിന് കായികാദ്ധ്യാപകർ ഇല്ലാത്തതും ഉള്ള കായികാദ്ധ്യാപകർ നിസഹകരണസമരത്തിലായതും ഉപജില്ലാ കായികമേളകളുടെ സംഘാടനത്തിൽ പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തൃശൂർ,മലപ്പുറം,കോഴിക്കോട്, എറണാകുളം ജില്ലകളിൽ വിവിധ ഉപജില്ലാ കായികമേളകൾ തർക്കത്തിലും ബഹളത്തിലുമാണ് കലാശിച്ചത്. പലയിടത്തും കായിക മേളകൾ സമയത്ത് ആരംഭിക്കാനും ക്രമപ്രകാരം നടത്താനും വേണ്ടത്ര അറിവില്ലാത്തവരെ ഒഫിഷ്യൽസായി നിയമിച്ചതാണ് പ്രശ്നമായത്. ഭാഷാഅദ്ധ്യാപകരെയും ബി.ആർ.സിയിലെ അദ്ധ്യാപകരെയുംകൊണ്ട് കായികാദ്ധ്യാപകരുടെ പണിയെടുപ്പിക്കുമ്പോൾ ബുദ്ധിമുട്ടിലായത് കുട്ടികളാണ്. ചില ഉപജില്ലകളിൽ മത്സരത്തിനായെത്തിയ കുട്ടികളെ രാവിലെ മുതൽ വൈകിട്ടുവരെ കാത്തിരുത്തിയശേഷം മത്സരങ്ങൾ മാറ്റിവയ്ക്കുന്ന സ്ഥിതിയുമുണ്ടായി. ഒഫിഷ്യൽസും രക്ഷിതാക്കളും അദ്ധ്യാപകരും തമ്മിൽ അടിയുണ്ടാകുന്ന അവസ്ഥയിലേക്കുവരെ എത്തിയിട്ടുണ്ട്. മത്സരാർത്ഥികൾക്ക് കുടിവെള്ളം പോലും ഒരുക്കിയില്ലെന്ന പരാതിയുമുണ്ട്. സംഘാടനത്തിന് ആളില്ലാതെയായതോടെ പല ഉപജില്ലാ കായികമേളകളും പ്രഹസനമായി മാറി. ഒരു മണിക്കൂർ ദൈർഘ്യമുള്ള മത്സരങ്ങൾ അരമണിക്കൂറും പത്തുമിനിട്ടുമൊക്കെയായി വെട്ടിക്കുറച്ച് ജില്ലാതലത്തിലേക്ക് സെലക്ഷൻ നൽകുകയാണ് പലേടത്തും.
11 പോയിന്റിന്റെ
ബാഡ്മിന്റൺ
ഇന്നലെ നടന്ന കണിയാപുരം ഉപജില്ലാ കായികമേളയിൽ ബാഡ്മിന്റൺ നടത്തിയത് 11 പോയിന്റിന്റെ ഒരു ഗെയിംമാത്രമായി. 21 പോയിന്റുള്ള ബെസ്റ്റ് ഒഫ് ത്രീ ഗെയിമാണ് ബാഡ്മിന്റണിനുള്ളത്. എന്നാൽ തട്ടിക്കൂട്ടി കളിതീർക്കാൻ ടേബിൾ ടെന്നീസിന്റെ പോയിന്റ് മാതൃകയിൽ മത്സരം നടത്തുകയായിരുന്നു. ഒരു മത്സരത്തിൽ 11-10ന് വിജയം അനുവദിക്കുകയും ചെയ്തു. രണ്ട് പോയിന്റ് വ്യത്യാസത്തിലേ വിജയിയെ നിശ്ചയിക്കാവൂ എന്ന കളിനിയമം പോലും അറിയാത്തവരാണ് മത്സരം നടത്തിയത്. ഇതോടെ മിടുക്കരായ താരങ്ങൾക്കാണ് അവസരം നഷ്ടമായത്.
39.33 ലക്ഷം കുട്ടികൾ
1869 കായികാദ്ധ്യാപർ
സംസ്ഥാനത്ത് എൽ.പി തലം മുതൽ ഹയർസെക്കൻഡറിവരെയുള്ള 40 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് കായിക വിദ്യാഭ്യാസവും പരിശീലനവും നൽകാനുള്ളത് വെറും 1869 കായികാദ്ധ്യപകരാണ്. കായിക അദ്ധ്യാപകർ ഏറ്റവും അനിവാര്യമായ ഹയർസെക്കൻഡറിയിൽ ആ തസ്തികയില്ല. നാമമാത്രമായ തുക നൽകി ഹൈസ്കൂൾ അദ്ധ്യാപകരെ ഹയർ സെക്കൻഡറിയുടെ ചുമതല ഏൽപ്പിച്ചിരുന്നെങ്കിലും തങ്ങളോടുള്ള വേർതിരിവിന്റെ പശ്ചാത്തലത്തിൽ പല അദ്ധ്യാപകരും ഇത് ഏറ്റെടുക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |