വനിതാ ലോകകപ്പിൽ മൂന്നാം തോൽവിനേരിട്ട ഇന്ത്യയുടെ സെമി സാദ്ധ്യതകൾ തുലാസിൽ
ഇൻഡോർ : സ്വന്തം മണ്ണിൽ ലോകകപ്പിൽ ആദ്യമായി മുത്തമിടാമെന്നുള്ള ഇന്ത്യൻ വനിതാ ഏകദിന ക്രിക്കറ്റ് ടീമിന്റെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയായി ഇംഗ്ളണ്ടിനെതിരായ തോൽവി. ടൂർണമെന്റിന്റെ പ്രാഥമിക റൗണ്ടിലെ അഞ്ച് മത്സരങ്ങളിൽ ഹർമൻപ്രീത് കൗറിന്റേയും സംഘത്തിന്റേയും തുടർച്ചയായ മൂന്നാം തോൽവിയാണിത്. കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കും എതിരെയായിരുന്നു മറ്റ് രണ്ടുതോൽവികൾ.
കഴിഞ്ഞരാത്രി ഇൻഡോറിൽ ഇംഗ്ളണ്ടിനെതിരെ ജയിക്കാൻ 289 റൺസ് വേണ്ടിയിരുന്ന ഇന്ത്യ 284/6ൽ ഒതുങ്ങുകയായിരുന്നു. സ്മൃതി മാന്ഥന(88),ഹർമൻപ്രീത് കൗർ(70), ദീപ്തി ശർമ്മ (50) എന്നിവർ അർദ്ധ സെഞ്ച്വറി നേടിയിട്ടും ഇന്ത്യയ്ക്ക് ഇംഗ്ളണ്ടിനെ മറികടക്കാനായില്ല. 41 234/3 ഓവറിൽ എന്ന നിലയിൽ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയ്ക്ക് ആദ്യ തിരിച്ചടിയായത് .42-ാം ഓവറിൽ സ്മൃതിയുടെ പുറത്താകലാണ്.46-ാം ഓവറിൽ റിച്ചയും പുറത്തായതോടെ ഇന്ത്യൻ ചേസിംഗിന്റെ താളം തെറ്റി. അവസാന ഓവറുകളിൽ കൂറ്റൻ ഷോട്ടുകൾ പായിക്കാൻ കഴിയാതെപോയി. ഗ്രൂപ്പ് റൗണ്ടിലെ എട്ടുടീമുകളിൽ നിന്ന് നാലുപേർക്കാണ് സെമിയിലേക്ക് പ്രവേശനം. അഞ്ചുകളികളിൽ നാലുപോയിന്റുമായി ഇന്ത്യ ഇപ്പോൾ നാലാം സ്ഥാനത്താണെങ്കിലും ഇനിയുള്ള രണ്ട് മത്സരങ്ങളിൽ വലിയ മാർജിനിലിൽ ജയിച്ചില്ലെങ്കിൽ മുന്നോട്ടുപോകാനാകാത്ത സ്ഥിതിയാണ്. വ്യാഴാഴ്ച കരുത്തരായ ന്യൂസിലാൻഡിനും ഞായറാഴ്ച ബംഗ്ളാദേശിനും എതിരെയാണ് ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങൾ.
ഇംഗ്ളണ്ടിനെതിരെ ജയിക്കാൻ നല്ല സാദ്ധ്യതയുണ്ടായിരുന്നു. പക്ഷേ ഞാൻ പുറത്തായതോടെയാണ് താളം തെറ്റിയത്. ഈ തോൽവിയുടെ പ്രധാന ഉത്തരവാദി ഞാനാണ്.
- സ്മൃതി മാന്ഥന,
ഇന്ത്യൻ വൈസ് ക്യാപ്ടൻ
പോയിന്റ് ടേബിൾ
( ടീം, കളി,ജയം,തോൽവി, പോയിന്റ് ക്രമത്തിൽ )
ഓസ്ട്രേലിയ 5-4-0-9
ഇംഗ്ളണ്ട് 5-4-0-9
ദ.ആഫ്രിക്ക 5-4-1-8
ഇന്ത്യ 5-2-3-4
ന്യൂസിലാൻഡ് 5-1-2-4
ബംഗ്ളാദേശ് 5-1-4-2
ശ്രീലങ്ക 5-0-3-2
പാകിസ്ഥാൻ 5-0-3-2
(ഇന്നലത്തെ മത്സരത്തിന്റെ ഫലം വരും മുന്നേയുള്ള നില)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |